സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 കി.മീ വരെ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുണ്ട്.

ഇന്ന് കേരളതീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നു. മലയോര മേഖലയിൽ ശക്തമായ മഴ ലഭിക്കുമെന്നതിനാൽ മലവെള്ളമിറങ്ങി നദികളിലെ ജലനിരപ്പ് ഉയരും.