ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി കര തൊടുന്നതിന്‍റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമർദ്ദം ഇന്ന് പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്. കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. അതിനാൽ തന്നെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ തീരത്തിനടുത്തായി നിലകൊള്ളുന്ന തീവ്ര ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ മഴ ശക്തമാണ്. ഇപ്പോഴും മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകൾക്കായിരുന്നു നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റെഡ് അലർട്ട് 11 ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിക്കുകയായിരുന്നു. മൊത്തം 16 ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, തിരുവള്ളൂർ ജില്ലകളിലും നല്ല മഴയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും കാവേരി ഡൽറ്റ മേഖലയിലെ ജില്ലകളിലും മഴ തുടരുകയാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. തിരുപ്പതിയിലേക്കുള്ള വിമാനസർവ്വീസുകളടക്കം വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇവ ബംഗ്ലൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലിറങ്ങുമെന്നാണ് അറിയിപ്പ്. തിരുപ്പതി വിമാനത്താവളത്തിലടക്കം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.