ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പേരറിവാളനെ മോചിപ്പിച്ചതു പോലെ തന്‍റെ കാര്യത്തിലും കോടതി തീരുമാനമെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കും വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും രവിചന്ദ്രന്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, പ്രത്യേക അധികാരമില്ലന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളിയിരുന്നു.
ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ തമിഴ് ചെയറിന് ജയിലില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ ഇരുപതിനായിരം രൂപ സംഭാവന നല്‍കിയിട്ടുള്ള താന്‍ സാമൂഹിക പ്രതിബദ്ധതയുളളയാളാണെന്നും മോചനം കിട്ടിയാല്‍ സമൂഹത്തിന് ഭീഷണിയാവില്ലെന്നും രവിചന്ദ്രന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.