ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പം’; ശശികല’ പ്രഖ്യാപിച്ച് രാം ​ഗോപാൽ വർമ

0

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രാം ​ഗോപാൽ വർമ.കോവിഡ്​ മഹാമാരി സിനിമാമേഖലയെയാകെ പിടിച്ചുലച്ചെങ്കിലും ഈ ലോക്ക് ഡൗൺ കാലത്ത് രാം ഗോപാൽ വർമ പ്രഖ്യാപിച്ചത്​ നിരവധി ചിത്രങ്ങളായിരുന്നു. അവയില്‍ പലതും വിവാദങ്ങളാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇദ്ദേഹം. ശശികല’ എന്ന പേരില്‍ ഒരുക്കുന്ന സിനിമയെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ അറിയിപ്പ്.

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചന നൽകുന്നതാണ് രാം ഗോപാൽ വർമ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സന്ദേശങ്ങൾ. ‘എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ​ഗോപാൽ വർമ ട്വീറ്റ് ചെയ്യുന്നു. ജെ (ജയലളിത),എസ് ( ശശികല), ഇപിഎസ്( എടപ്പാടി കെ പളനിസാമി) എന്നിവർക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീർണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

ഏറ്റവും അടുത്തുനിൽക്കുമ്പോഴാണ് കൊല്ലാൻ എളുപ്പ’മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകൻ ചേർത്തിട്ടുണ്ട്. . തമിഴ്നാട് തെരഞ്ഞെടുപ്പിനു മുന്‍പ്, ജയലളിതയുടെ ജീവചരിത്ര ചിത്രം തീയേറ്ററുകളിലെത്തുന്ന ദിവസം തന്നെ ‘ശശികല’യും പുറത്തെത്തുമെന്നും സംവിധായകന്‍ പറയുന്നു.

രാകേഷ് റെഡ്ഡിയാണ് ‘ശശികല’ നിർമ്മിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വി.കെ. ശശികല ജയിൽ മോചിതയാകുമെന്ന റിപ്പോർട്ടിന്​ പിന്നാലെയാണ്​ ആർജിവിയുടെ പ്രഖ്യാപനം. അടുത്തിടെ രാം ഗോപാൽ വർമ്മ പ്രഖ്യാപിച്ച ‘അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന ചിത്രം വലിയ വാർത്തയാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്​തിരുന്നു. ശശികലയുടെ പ്രഖ്യാപനത്തിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ചർച്ചകൾ പുരോ​ഗമിക്കുകയാണ്.