രാമനാട്ടുകര അപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന

0

കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാർ. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ വിവരം പോലീസ് അനൗദ്യോഗികമായി നൽകുന്നത്. ഏകദേശം 15 വാഹനങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പുലര്‍ച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകര വൈദ്യരങ്ങാടി പുളിഞ്ചോട് വളവിലാണ് ചരക്കു ലോറിയും ബൊലേറോ കാറും തമ്മില്‍ കൂട്ടിയിടിച്ചത്. കാറില്‍ സഞ്ചരിച്ച വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഷഹീര്‍, മുളയങ്കാവ് സ്വദേശി നാസര്‍, എലിയപറ്റ സ്വദേശി താഹിര്‍ ഷാ, ചെമ്മന്‍കുഴി സ്വദേശികളായ അസ്സൈനാര്‍, സുബൈര്‍ എന്നിവരാണ് മരിച്ചത്.

കവര്‍ച്ചയ്ക്കായി വാട്‌സ്ആപ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ടിഡിവൈ എന്നാണ് വാട്‌സാപ്പ് കൂട്ടായ്മയുടെ പേര്. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രത്യേക ദൗത്യത്തിന് വേണ്ടിയായിരുന്നു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചത്. സംഘത്തിലെ 15 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍പ്പെട്ടവരും കസ്റ്റഡിയിലും ഉള്ളവര്‍ അടക്കം ഇതിലുണ്ട്. സ്വര്‍ണം കടത്തുന്നവരില്‍ നിന്ന് കവര്‍ച്ച നടത്തുന്നവരാണ് ഇവരെന്നുമാണ് സൂചന. 15 വാഹനങ്ങള്‍ സംഘത്തിലുണ്ടായിരുന്നുവെന്നും വിവരം.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിവിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് സ്വർണമോ മറ്റോ കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും സംശയിക്കുന്നുണ്ട്.

അപകടത്തില്‍പ്പെട്ട കാറിനൊപ്പം രണ്ട് വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഒരു ഇന്നോവ കാറും ആറ് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നതാണെന്നാണ് ഇവരുടെ മൊഴി. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ്.

മൂന്നാമത്തെ വാഹനവും അതിലുണ്ടായിരുന്നവരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിമാനത്താവളത്തിലെയും പരിസര പ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. സംഘം മറ്റാരെയെങ്കിലും പിന്തുടരുകയോ അകമ്പടി പോവുകയോ ആണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.