വിശുദ്ധറംസാന് മുന്നോടിയായി നോമ്പ് കാലം ആരംഭിക്കുകയാണ്. എന്നാല്‍ നോമ്പ് എടുക്കുമ്പോള്‍ എന്തെകിലും മരുന്നുകള്‍ കഴിക്കുന്നവരും ഇന്‍സുലിന്‍ എടുക്കുന്നവരും എന്തൊക്കെ സൂക്ഷിക്കണം. അതിനെ കുറിച്ചു ഡോക്ടര്‍ ഷിംന അസീസ് എഴുതുന്നത് വായിക്കൂ. നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ഇങ്ങനെ.
ആദ്യം തന്നെ വ്യക്തമാക്കട്ടെ, ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരും, ആ വിശ്വാസമനുസരിച്ച് ഇനി വരുന്ന ഒരു മാസം റമദാൻ നോമ്പെടുക്കുന്നവരുമായ ഒരുപാടാളുകൾ നമുക്കു ചുറ്റുമുണ്ട്. ഇവരിൽ പല കാരണങ്ങൾക്കായി മരുന്നുകൾ കഴിക്കുന്നവരുമുണ്ട്. രാവും പകലും ഉള്‍പ്പെടെ ജീവിതത്തിന്റെ ക്രമങ്ങളും ക്രമീകരണങ്ങളും ത്യാഗമയമാകുന്ന ഈ രാപകലുകളിലേക്ക് പ്രവേശിക്കും മുന്നേ ഇനിയുള്ള ഒരു മാസത്തെ മരുന്ന് ഉപയോഗത്തെ കുറിച്ച് ഇവർക്കുണ്ടാകുന്ന ചില ആശയക്കുഴപ്പങ്ങളും, ആ കുഴപ്പങ്ങൾ കാരണം വന്നു ചേർന്നേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ഇവിടെ എഴുതിയിടുന്നത്.
ഈ പോസ്റ്റ് തീര്‍ത്തും നോമ്പെടുക്കുന്നവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, അവരുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചാണ്. ഇവിടെ നോമ്പിന്‍റെ ശാസ്ത്രീയവശത്തെ കുറിച്ചുള്ള പ്രസംഗങ്ങളോ, ഇസ്ലാം മതത്തെയും അതിലെ ആചാരങ്ങളെയും താഴ്ത്തിക്കെട്ടിയുള്ള കമന്റുകളോ ഒക്കെ കൊണ്ട് വന്നു തട്ടുന്നവരെ തൂക്കിയെടുത്ത് എന്നെന്നേക്കുമായി പ്രൊഫൈലിനു പുറത്താക്കുമെന്ന് വിനയപുരസ്സരം അറിയിക്കുന്നു.
നോമ്പിനു ഇഞ്ചക്ഷന്‍ എടുക്കാന്‍ പാടില്ല എന്ന തെറ്റിദ്ധാരണ മിക്കവര്‍ക്കും ഉണ്ട്. സ്വാഭാവികമായി ശരീരത്തിലുള്ള ദ്വാരങ്ങള്‍ വഴി എന്തെങ്കിലും അകത്തേക്ക് പ്രവേശിച്ചാല്‍ മാത്രമേ നോമ്പ് മുറിയൂ. ഒരു അസുഖം മാറ്റുന്നതിനായി പേശിയിലോ രക്തക്കുഴലിലോ തൊലിക്കടിയിലോ സൂചി വെക്കുന്നത് പുതിയതായി ഉണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ആണ്. അതിനു നോമ്പ് മുറിയില്ല. പട്ടിയോ പൂച്ചയോ കടിച്ച് ആന്റി-റാബീസ് വാക്സിന്‍ പോലെയുള്ളവ എടുത്തു കൊണ്ടിരിക്കുന്നവര്‍ ഒരു കാരണവശാലും നോമ്പിന്റെ പേര് പറഞ്ഞു അത് കൃത്യമായ തിയതിയില്‍ എടുക്കാതിരിക്കരുത്. പേവിഷബാധ ഉണ്ടായാല്‍ മരണം സംഭവിക്കും. ഒരിക്കലും വാക്സിന്‍ എടുക്കുന്നത് നോമ്പ് കളയില്ല. ഇത് പോലെ പരിശോധിക്കാനായി രക്തം നല്‍കുമ്പോഴും നോമ്പ് മുറിയില്ല.
എന്നാല്‍ ക്ഷീണം മാറുന്ന രീതിയില്‍ ഡ്രിപ് ഇടുന്നത് നോമ്പിന്റെ ഉദ്ദേശത്തെ ഇല്ലാതാക്കുന്ന ഒന്നായത് കൊണ്ട് നോമ്പ് മുറിയും. ഒരു പരിധി വിട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും കുറഞ്ഞു പോയി ജീവാപായം ഉണ്ടാക്കാം എന്നതിനാല്‍ രക്തദാനം നോമ്പ് നോറ്റ ശരീരത്തിനു ഗുണകരമല്ല. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ നോമ്പ് മുറിച്ച ശേഷം രക്തം നല്‍കാം.
പ്രമേഹരോഗികള്‍ റമദാന്‍ മാസം തുടങ്ങുന്നതിനു മുന്‍പ് സ്ഥിരമായി ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടണം. തുടര്‍ച്ചയായി ഭക്ഷണമില്ലാത്ത മണിക്കൂറുകളില്‍ ഇവര്‍ക്ക് രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയാനുള്ള സാധ്യത ഉണ്ട്. ചിലയിനം ഗുളികകള്‍ ഇത്തരം പ്രശ്നം ഉണ്ടാക്കില്ലെങ്കിലും, ഇന്‍സുലിനും സള്‍ഫോനില്‍യൂറിയ വിഭാഗത്തില്‍ പെടുന്ന ഗുളികകളും കഴിച്ചു നോമ്പെടുക്കുന്നത് ബുദ്ധിമുട്ടായേക്കാം. ഇത്തരക്കാര്‍ തങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് മാറ്റേണ്ടി വന്നേക്കും. വീട്ടില്‍ ഗ്ലുക്കോമീറ്റര്‍ ഉണ്ടെങ്കില്‍ ആദ്യത്തെ ഒന്നോ രണ്ടോ ദിവസമെങ്കിലും ഉച്ചക്കും മഗ്രിബിന് തൊട്ടു മുന്‍പും ബ്ലഡ് ഷുഗര്‍ ഒന്ന്‍ ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. ഷുഗര്‍ താഴുന്നതിന്റെ ലക്ഷണങ്ങളായ കൈ വിറക്കല്‍, ഞൊടിയിടയില്‍ വരുന്ന അമിതമായ വിയര്‍പ്പ്, ചുണ്ടിനു ചുറ്റും തരിപ്പ് തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അല്പം പഞ്ചസായോ മിഠായിയോ എടുത്ത് വായിലിടുക. ഷുഗര്‍ ഒരു പരിധി വിട്ടു താഴ്ന്നാല്‍ ബോധക്ഷയവും മരണവും പോലും സംഭവിക്കും. തനിച്ചാവുന്ന അവസരങ്ങളില്‍ നോമ്പ് അല്പം കൂടുതല്‍ ശ്രദ്ധയോടെ വേണം. എന്തെങ്കിലും ക്ഷീണം തോന്നുന്നുണ്ടെകില്‍ നോമ്പ് ഉപേക്ഷിക്കുന്നതാണ് നല്ലത്. പിന്നീട് നോറ്റ് വീട്ടുകയോ ഫിദ്‌യ നല്‍കുകയോ ആകാമല്ലോ.
അത് പോലെ നോമ്പ് കാലത്ത് പട്ടിണിയാണ്, അത് കൊണ്ട് ഗുളിക കഴിച്ചില്ലെങ്കിലും ഷുഗര്‍ കുറഞ്ഞോളും എന്ന് ചിന്തിക്കരുത്. ഇത്തരത്തില്‍ ഒരു മാസം കൊണ്ട് രക്തത്തിലെ പഞ്ചസാരനിയന്ത്രണം അപ്പടി തകിടം മറിഞ്ഞു വരുന്നവര്‍ അടുത്ത മാസത്തെ സ്ഥിരം ആശുപത്രിക്കാഴ്ചയാവുമെന്നത് കൊണ്ടാണ് ഇത് മുന്‍കൂട്ടി പറയുന്നത്. കൂടാതെ ഭക്ഷണത്തിലെ മിതത്വം തുടരണം. നാരുള്ള ഭക്ഷണം, മിതമായ അളവില്‍ പഴങ്ങള്‍, ചപ്പാത്തി, ഗോതമ്പ്കഞ്ഞി തുടങ്ങിയയവയുമായി പതിവ് പോലെ മുന്നോട്ട് പോകാം. നോമ്പ് തുറക്കാന്‍ നേരം ഒന്നോ രണ്ടോ കാരക്കയോ ഈന്തപ്പഴമോ കഴിക്കുന്നതിനും വിരോധമില്ല. പറ്റുന്നവർക്ക് മിതമായ അളവില്‍ വ്യായാമം ആവാമെങ്കിലും, അതും ശരീരത്തിലെ ഷുഗര്‍ നില കുറച്ചേക്കാം എന്നതിനാല്‍ സാധിക്കുമെങ്കില്‍ ഈ ഒരു മാസത്തേക്ക് മാറ്റിനിർത്തുന്നതാണ് നല്ലത്.
സ്ഥിരമായി ഏത് മരുന്ന് കഴിക്കുന്നവരും ഡോക്ടറെ സമീപിച്ച് ഡോസ് ക്രമീകരിക്കേണ്ടി വരും. മരുന്നുകള്‍ സ്വന്തം ഇഷ്ടത്തിന് ഒഴിവാക്കി രോഗങ്ങള്‍ വരുത്തി വെക്കുന്നത് ശരിയായ രീതിയല്ലെന്ന് ഓര്‍ക്കുമല്ലോ. രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്നവര്‍ക്കും വൃദ്ധര്‍ക്കും കുഞ്ഞുങ്ങള്‍ക്കും എല്ലാമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തി തന്നെ നമുക്ക് ഈ പുണ്യങ്ങളുടെ പൂക്കാലത്തെ വരവേല്‍ക്കാം. ഏവര്‍ക്കും ആരോഗ്യനിര്‍ഭരമായ പുണ്യനിര്‍വൃതികളുടെ റമദാന്‍ ആശംസിക്കുന്നു.
റമദാന്‍ കരീം…