ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവുമായ സമയമാണ് റമദാന്‍ കാലം. അത് കൊണ്ട് തന്നെ ഇസ്ലാമിക രാജ്യങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസത്തിന് വളരേയേറെ പ്രാധാന്യമുണ്ട്. മെയ് 17 നാണ് ഈ വര്‍ഷം റമദാന്‍ ആരംഭിക്കുന്നത്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ജലപാനം ചെയ്യാതെ കഴിച്ചുകൂട്ടി വൈകുന്നേരം നോമ്പ് അവസാനിപ്പിക്കുന്ന പുണ്യകാലമാണിത്.
ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ നോമ്പ് കാലം വളരെ പ്രാധാന്യം നിറഞ്ഞതാണ്. മറ്റു മതസ്ഥര്‍ അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്.
അതിലൊന്നാണ് പരസ്യമായി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ആഹാരം കഴിക്കുന്നത്. കാരണം ഇസ്ലാം വിശ്വാസപ്രകാരം ഗര്‍ഭിണികളും, പ്രായമായവരും, അസുഖങ്ങള്‍ ഉള്ളവരുമൊഴികെ ബാക്കിയെല്ലാവരും നോമ്പ് നോക്കുന്നവരാണ്. നോമ്പ് നോക്കുന്നുണ്ടെങ്കില്‍ തന്നെയും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഇവര്‍ പോകാറുണ്ട്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ അവരുടെ വിശ്വാസം തകര്‍ക്കാതെ നോക്കേണ്ടത് ബാക്കിയുള്ളവരുടെ ഉത്തരവാദിത്തമാണ്.
ആഹാരം കഴിക്കുന്ന സമയത്ത് മീറ്റിംഗുകള്‍ വെയ്ക്കുന്നതും ഉചിതമല്ല. അബദ്ധത്തില്‍ പോലും ആഹാരം കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചുപോകുന്നത് പോലും തെറ്റാണ്. അതുകൊണ്ട് വര്‍ക്ക് മീറ്റിങ്ങുകള്‍ രാവിലെയോ ഇഫ്താറിന് കുറച്ച് മുന്‍പോ വെക്കുന്നതാണ് ഉചിതം. കൂടാതെ ഇഫ്താര്‍ വിരുന്നിന് ആരെങ്കിലും ക്ഷണിച്ചാല്‍ അത് നിരസിക്കുകയും അരുത്. വണ്ണം കുറയ്ക്കാന്‍ ഫാസ്റ്റിംഗ് നല്ലതാണെന്നുള്ള രീതിയിലുള്ള സംസാരവും അരുത്. ഭക്ഷണം ഒഴിവാക്കി വണ്ണം കുറയ്ക്കാനുള്ള സമയമായി റമദാനെ ഒരിക്കലും കണക്കാക്കരുത്. കൂടാതെ അമുസ്ലിങ്ങള്‍ക്കും നോമ്പ് നോക്കാവുന്നതാണ്.