രൺജിത്ത് ശ്രീനിവാസൻ വധം: 15 പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരള നീതിന്യായ ചരിത്രത്തിൽ ആദ്യം

0

കൊച്ചി: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴയിലെ അഭിഭാഷകന്‍ രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികൾക്കും വിധിച്ച വധശിക്ഷ സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിൽ അത്യപൂർവം. ഇത്രയും പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ഇതാദ്യം.

ഒരാളെ കൊല്ലാൻ ഹിറ്റ് ലിസ്റ്റ് നേരത്തേ തന്നെ തയാറാക്കി വച്ച് അത് നടപ്പാക്കുക എന്ന ഭീകരപ്രവർത്തനം തന്നെയാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കോടതിക്കു ബോധ്യമായി. സാധാരണ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ നിന്നു വ്യത്യസ്തമായ കാര്യമാണ് രൺജിത്തിന്‍റെ കൊലപാതകത്തിൽ ഉണ്ടായത്. വീടും ആളുടെ സഞ്ചാരപഥവും മുൻകൂട്ടി മനസിലാക്കി അതനുസരിച്ചു കൃത്യമായി മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകമായിരുന്നു ഇത്.

2021 ഡിസംബര്‍ 18ന് രാത്രി എസ്‍ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതികാരമായി രൺജിത്തിന്‍റെ കൊലപാതകം. 19നു രാവിലെ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് അദ്ദേഹത്തെ കൂടം കൊണ്ട് അടിച്ചും വെട്ടിയും കൊന്നത്.

അന്ന് ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍.ആര്‍. ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 156 സാക്ഷികളെ വിസ്തരിച്ചു. 1,000ത്തോളം രേഖകള്‍ ഹാജരാക്കി. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ട് മാപ്പുകള്‍ തുടങ്ങിയവ ഹാജരാക്കി. പ്രതികളിലൊരാളുടെ ഭാര്യയുടെ മൊബൈലിൽ നിന്ന ഹിറ്റ് ലിസ്റ്റും കണ്ടെടുത്തു.

15 പ്രതികളിൽ 8 പേരാണ് രണ്‍ജിത്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്. 9 മുതൽ 12 വരെ പ്രതികൾ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവൽ നിന്നു. അതിനാൽ അവരും കൊലപാതകക്കുറ്റ ശിക്ഷയ്ക്ക് അര്‍ഹരാണെന്ന് കോടതി വിലയിരുത്തി. 13 മുതൽ 15 വരെ പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളായതിനാൽ അവര്‍ക്കും വധശിക്ഷ വിധിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. 15 പ്രതികള്‍ക്കുമെതിരെ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എല്ലാത്തിനും സാക്ഷിയായ അമ്മയ്ക്കും ഭാര്യയ്ക്കുമുണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേരള പൊലീസിന് വലിയ നേട്ടമാണ് വിധിയെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രതികരിച്ചു. വിധി സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വധശിക്ഷ വിധിച്ചത് 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലാണ്. ഈ കേസിൽ 38 പേർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. 2010ൽ ബീഹാറിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗ കേസിൽ 16 പേർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഉജ്ജെയിൻ സ്ഫോടനക്കേസിൽ ഏഴ് പേർക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.