മുംബൈ: രഞ്ജി ട്രോഫിയില്‍ വീണ്ടും ആധിപത്യം സ്ഥാപിച്ച് മുംബൈ. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരെ സംഭാവന നല്‍കിയ മുംബൈ, വിദര്‍ഭയെ 169 റണ്‍സിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. മത്സരത്തിൽ മുംബൈയ്ക്കുമേല്‍ ഒരു സെഷനില്‍ പോലും ആധിപത്യം സ്ഥാപിക്കാനാവാതെയാണ് വിദര്‍ഭ കീഴടങ്ങിയത്. സ്‌കോര്‍: സ്‌കോര്‍- മുംബൈ: 224, 418. വിദര്‍ഭ: 105, 368.
ആറാം വിക്കറ്റില്‍ പ്രതീക്ഷയുണര്‍ത്തുന്ന കൂട്ടുകെട്ട് അക്ഷയ് വദ്കറ്ക്കും ഹര്‍ഷ് ദുബെയ്ക്കുമിടയില്‍ ഉണ്ടായെങ്കിലും അത് വിജയത്തിലെത്തിക്കാന്‍ ഇരുവര്‍ക്കുമായില്ല. മുംബൈ ബൗളര്‍മാരുടെ മിന്നുന്ന ബൗളിങ്ങിനു മുന്നില്‍ ഇരുവര്‍ക്കും വെല്ലുവിളിയാകാന്‍ സാധിച്ചില്ല.
ഇത് 42-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി കിരീടം നേടുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015-16ലാണ് മുംബൈ ഇതിനു മുന്‍പ് രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിദര്‍ഭയക്ക് അജിങ്ക്യ രഹാനെയുടെ ടീമിനെ തോല്‍പ്പിക്കാനായില്ല. 2017-18, 2018-19 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കിരീടം നേടിയ ടീമാണ് വിദര്‍ഭ.
ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വദ്കറിന്റെ (199 പന്തില്‍ 102) ഇന്നിങ്സാണ് വിദര്‍ഭയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. അതര്‍വ തയ്ഡെ (32), ധ്രുവ് ഷോറെ (28), അമന്‍ മൊഖദെ (32), കരുണ്‍ നായര്‍ (74), യഷ് റാത്തോഡ് (ഏഴ്), ഹര്‍ഷ് ദുബെ (65), ആദിത്യ സര്‍വതെ (മൂന്ന്), യഷ് താക്കൂര്‍ (ആറ്), ഉമേഷ് യാദവ് (ആറ്) എന്നിവരാണ് പുറത്തായത്.
പിന്നീടായിരുന്നു ആറാം വിക്കറ്റില്‍ അക്ഷയ് വദ്കറും ഹര്‍ഷ് ദുബെയും ഒത്തു ചേര്‍ന്നത്. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് വിദര്‍ഭയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. മുംബൈക്കായി തനുഷ് കോട്ടിയന്‍ നാലും മുഷീര്‍ ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ നേടി. ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടിയ വിദര്‍ഭ മുംബൈയെ ബാറ്റിങ്ങിനു പറഞ്ഞയച്ചപ്പോള്‍ മുതല്‍ വിദര്‍ഭയുടെ കഷ്ടകാലം തുടങ്ങി. 224 റണ്‍സില്‍ മുംബൈയുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിക്കാന്‍ വിദര്‍ഭയ്ക്ക് കഴിഞ്ഞെങ്കിലും അതിനു ശേഷം ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ അടപടലം വീണു. മൂന്ന് വീതം വിക്കറ്റുകളുമായി യഷ് താക്കൂറും ഹര്‍ഷ് ദുബെയുമാണ് മുംബൈ ഇന്നിങ്സിനെ 224-ല്‍ ഒതുക്കിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. 105 റണ്‍സിനിടെ എല്ലാവരും മടങ്ങി. 27 റണ്‍സെടുത്ത യഷ് റാത്തോഡാണ് ടോപ് സ്‌കോറര്‍. മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയും ശംസ് മുലാനിയും തനുഷ് കോട്ട്യനും ചേര്‍ന്നാണ് മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
തുടര്‍ന്ന് 119 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മുംബൈ മിന്നുന്ന പ്രകടനം പുറത്തെടുത്തു. മുഷീര്‍ ഖാന്റെ സെഞ്ചുറിയാണ് (136 റണ്‍സ്) മുംബൈക്ക് കരുത്തായത്. രണ്ടാം ഇന്നിങ്‌സില്‍ മുംബൈ 418 റണ്‍സ് സ്വന്തമാക്കി. ശ്രേയസ് അയ്യര്‍ (95), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (73), ഷംസ് മുലാനി (50) എന്നിവരും മുംബൈക്കായി തിളങ്ങി. വിദര്‍ഭയ്ക്കുവേണ്ടി ഹര്‍ഷ് ദുബെ അഞ്ചും യഷ് താക്കൂര്‍ മൂന്നും വിക്കറ്റുകളെടുത്തു.
രഞ്ജി ട്രോഫി അവസാനിച്ചതോടെ ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു പ്രധാനപ്പെട്ട സീസണ്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് പ്രതിഫലം കൂടുതല്‍ ലഭിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചത് വിപ്ലവകരമായ മാറ്റമാണ്.