കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കും. യുവനടിയെ അപമാനിച്ച കേസില്‍ നിയമോപദേശം ലഭിച്ചത് കൊണ്ടാണ് ഒളിവില്‍ പോയതെന്ന് പ്രതികള്‍. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ നടിയോട് മാപ്പുപറയാന്‍ തയ്യാറാണെന്നും പ്രതികള്‍ പറഞ്ഞു.
ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന വാദം തെറ്റാണ്. അറിഞ്ഞ് കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞു. കൊച്ചി ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികള്‍ പറഞ്ഞു.
ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ അഅന്വേഷണം നടത്താന്‍ കളമശ്ശേരി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.