ചെറിയ വലിയ മനുഷ്യൻ...

ചെറിയ വലിയ മനുഷ്യൻ...
kunjunni

നെറ്റിയിൽ ഭസ്മക്കുറിയും, കഴുത്തിൽ രുദ്രാക്ഷമാലയും, കയ്യിലെ കാലൻ  കുടയും  മുഖത്തെ കുട്ടിത്തം മായാത്ത ചിരിയുമുള്ള ആ ചെറിയ മനുഷ്യനെയും അദ്ദേഹത്തിന്റെ  മൂല്യവത്തായ വരികളെയും  വായന മരിക്കാത്തിടത്തോളം കാലം നമ്മൾ മലയാളിക്കളാരും തന്നെ മറക്കില്ല. അതെ  വായിച്ചാൽ വിളഞ്ഞു വളരും വായിച്ചില്ലേൽ വളഞ്ഞു വളരും… എന്ന്  നമ്മെ പഠിപ്പിച്ച  നമ്മുടെ സ്വന്തം കുഞ്ഞുണ്ണി മാഷ്. കുട്ടികളുടെ സ്വന്തം മുത്തശ്ശൻ  നമ്മോട് വിടചൊല്ലിയിട്ട്‌ ഇന്ന്‌ 12 വര്‍ഷം പിന്നിടുന്നു.

കൈരളിക്ക്  കവിതയുടെ പുതിയ ലോകം തുറന്നു തന്ന മലയാള കാവ്യരംഗത്തു വേറിട്ടൊരു ശൈലി അവതരിപ്പിച്ച കുഞ്ഞുണ്ണിമാഷ്‌ ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെയാണ്  ശ്രദ്ധേയനായത്. പൊതുവേ കുട്ടി കവിതകളാണ് കുഞ്ഞുണ്ണി മാഷിനെ പ്രശസ്തനാക്കിയതെങ്കിലും അത്തരം കുഞ്ഞു കവിതകളിൽ ഉറച്ചു പോയഒരു കവി ആയിരുന്നില്ല അദ്ദേഹം. ആരെയും ആഴത്തിൽ സ്വാധീനിക്കുന്ന  തരത്തിൽ ഉൾക്കരുത്തുള്ളവയായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ വരികൾ. കുട്ടികളോടായിരുന്നു  അദ്ദേഹത്തിന് ഏറെ ഇഷ്ട്ടം. 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്ന  മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ആരംഭിച്ച ബാലപംക്‌തിയിലൂടെ കുട്ടികളുടെ കവിതകൾ എഡിറ്റ് ചെയ്തും ചെറിയ ഉപദേശങ്ങൾ നൽകിയും  കുരുന്നുകളുടെ സ്വന്തം കുട്ടേട്ടനായി മാഷ് ഏറെക്കാലം സജ്ജീവമായിരുന്നു.

കുട്ടികളെ സംസക്കാരികമായി ഉണർത്താൻ അവര്‍ക്കുവേണ്ടി നിരവധി പുസ്‌തകങ്ങള്‍ രചിച്ചു. അവയില്‍ ഉപദേശങ്ങളടങ്ങിയ മുത്തുമണികളും കഥകളും കുഞ്ഞിക്കവിതകളും അങ്ങനെ ഒട്ടനവധി കാര്യങ്ങളുണ്ടായിരുന്നു.

കുഞ്ഞുങ്ങൾക്കുപോലും മനസിലാവുന്ന രീതിയിൽ വളരെ ലളിത മായ ഭാഷയിലായിരുന്നു മാഷിന്റെ കവിതകളെല്ലാം. നർമ്മത്തിന്റെ മേമ്പൊടി ചാലിച്ച് എഴുതുന്ന കവിതകളിൽ ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഒരുപാടുണ്ടാകും.

ആയിരക്കണക്കിനു പഴഞ്ചൊല്ലുകളും കടങ്കഥകളും നാടന്‍ കവിതകളും സമാഹരിക്കുക എന്നത്‌ അദ്ദേഹത്തിന്റെ വലിയൊരു ശ്രമമായിരുന്നു. കുട്ടികള്‍ക്കുവേണ്ടി ഒരു മലയാള നിഘണ്ടുതന്നെ അദ്ദേഹം തയാറാക്കി.

കവിതകളിലെ ലാളിത്യം പോലെ തന്നെയായിരുന്നു മാഷിന്റെ ജീവിതവും ഒരാഡംബരങ്ങളിലും ഭ്രമിക്കാത്ത കാറ്റിനെയും പുഴയെയും മലയെയും മണ്ണിനെയും മഴയെയും സ്നേഹിച്ച ഒരൊറ്റൻന്തടി.  വടിവൊത്തു തേച്ചു മിനുക്കാത്ത ജുബ്ബയും, മുറിമുണ്ടും, ഒരു കാലൻ  കുടയും  ഒപ്പം നടക്കാൻ കുട്ട്യോളും അതായിരുന്നു മാഷിന്റെ ജീവിതം.

മലയാള സാഹിത്യ ലോകത് കുട്ടികവിതകളുടെ വലിയ ലോകം തുറന്ന കുഞ്ഞുണ്ണി മാഷ് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് ജനിച്ചു.

ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളൽക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.

അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ.

കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ

ഒരു കൈയില്‍ ഒരു പാളയും ഇല്ലിക്കോലും പിടിച്ച് സ്വന്തം വീട്ടില്‍ക്കയറിവരാറുള്ള ഒരു ഭ്രാന്തിത്തള്ളയെക്കുറിച്ചായിരുന്നു മാസ്റ്റര്‍ ആദ്യമായി എഴുതിയ വരികള്‍. അവര്‍ക്ക് അമ്മ ദോശയോ ചോറോ നല്‍കുമായിരുന്നു. അവര്‍ കൈയില്‍പിടിച്ച പാളയും ഇല്ലിക്കോലും എന്തിനായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ് മാസ്റ്ററുടെ ആദ്യ കവിത പിറക്കുന്നത്.

'' വീശാം ഇരിക്കാം കുടയായ് പിടിക്കാം ഇനി വേണ്ടിവന്നാല്‍ കാശിക്കുപോകാന്‍ ഒരു പാത്രമാക്കാം'

ചെറുകവിതകള്‍

.കേട്ടപ്പോൾ കാണാൻ തോന്നി
കണ്ടപ്പോൾ കെട്ടാൻ തോന്നി
കെട്ടിയപ്പോൾ , കഷ്ടം പെട്ടുപൊയെന്നും തോന്നി
തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി.

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.

വീട്ടിലെ പട്ടിക്കു ചട്ടിയില്‍ ചോറു
റോട്ടിലെ പട്ടിക്ക് തൊട്ടിയില്‍ ചോറ്
നാട്ടിലെ പട്ടിക്ക് നാടെല്ലാമേറ്'.

ഡപ്പച്ചോറുണ്ണുക
ബേക്കറി പലഹാരം തിന്നുക
മകാരവാരിക വായിക്കുക
മനുഷ്യന്‍ ചീത്തയാവാന്‍ ഇനിയെന്തുവേണം.

പുലരുമ്പോൾ പഠിച്ചാൽ , പഠിപ്പ് പുലരും.

മിന്നുന്നതൊന്നും പൊന്നല്ലെങ്കിലും
മിന്നാത്തതൊന്നും പൊന്നല്ല.

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ.

ജനിക്കും നിമിഷം തൊട്ടെന്‍ മകനിംഗ്ലീഷ്‌ പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറ
ങ്ങിംഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍.

അരമലയാളിക്കു നുറു മലയാളം
അരമലയാളിക്കു ഒരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല.

ഇങ്കു ലാബിലും,സിന്ദാ ബാദിലും ഇന്ത്യ തോട്ടിലും.

ഉടുത്തമുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുമ്പോൾ
മരിച്ചങ്ങു കിടക്കുമ്പോഴുള്ളൊരു സുഖമുണ്ടിടാം.

ഒരക്ഷരത്തിന് നീളമധികം
ഒരക്ഷരത്തിന് വണ്ണമധികം
എന്റെ പേരില്‍ ഒരക്ഷരം
മാത്രമേ എന്നെപ്പോലെയുള്ളൂ.

.കൊച്ചിയില്‍ നിന്നും കൊല്ലത്തെത്തിയ
 കുസൃതിക്കാരൻ  പൂച്ച
കാപ്പിക്കടയിൽ കഥകൾ പറഞ്ഞു
കാപ്പി കുടിച്ചുരസിച്ചു
കാപ്പി കുടിക്കാൻ കൂടെക്കേറിയ
കൊതിയച്ചാരൻ ഈച്ച
കഥകൾ കേട്ടുചിരിച്ചു
പിന്നെ കാപ്പിയിൽ  വീണു മരിച്ചു.

എനിക്കു തന്നെ കിട്ടുന്നു
ഞാനയക്കുന്നതൊക്കെയും
ആരിൽ നിന്നെന്നേ നോക്കൂ
വിഡ്ഢിശ്ശിപായിയീശ്വരൻ.

എനിക്കു പൊക്കം കുറവാ
ണെന്നെ പൊക്കാതിരിക്കുവിന്‍

കുഞ്ഞുണ്ണി മാഷെന്ന് കേൾക്കുമ്പോൾ തന്നെ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധിവരികൾ നമ്മുടെ മനസ്സിൽ കയറി ഇറങ്ങി പോകുനുണ്ടാക്കും. കുഞ്ഞുന്നാളുമുതൽക്കെ നമ്മുടെ മനസിനെ സ്വാധീനിച്ചവയാണ്  കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ. മലയാള ഭാഷ ഉള്ളേടത്തോളം കാലം കുഞ്ഞുണ്ണി മാഷെയും അദ്ദേഹത്തിന്റെ വരികളെയും മറക്കാൻ മലയാളിക്കാവില്ല. ഒരു ന്യൂജൻ സംസ്ക്കാരത്തിൽ പെട്ടും മുങ്ങിപോകുന്നവയല്ല കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം