സ്മൃതി ദർപ്പണം : യൂറി ഗഗാറിൻ

0
Yuri Alekseyevich Gagarin  (9 March 1934 – 27 March 1968)

കസാക്കിസ്ഥാനിലെ സ്മെലോവ്ക്കാ എന്ന ഗ്രാമത്തിലെ ഒരു പാടത്തിന്റെ നടുവിൽ ഉരുളക്കിഴങ്ങു പറിച്ചുകൊണ്ടിരിക്കുകയായിരുന്ന കർഷക അന്നാ തഖ്‌തറോവയുടെയും കൊച്ചുമകൾ റീത്തയുടെയും മുന്നിലേക്ക് 1961 ഏപ്രിൽ 12 -ന് ഓറഞ്ചു നിറത്തിലുള്ള ഒരു സ്യൂട്ടണിഞ്ഞ്, തലയിൽ വിചിത്രമായൊരു സ്ഫടികഗോളവും ധരിച്ചുകൊണ്ട് ഒരാൾ നടന്നെത്തുന്നു. ആകെ ഭയന്നുവിറച്ചു പോയി അന്ന, പക്ഷേ, റീത്തയ്ക്ക് ആ ദൃശ്യം പകർന്നത് നിറഞ്ഞ കൗതുകമായിരുന്നു. ” ഞാൻ നിങ്ങളുടെ സുഹൃത്താണ് കോമ്രേഡ്‌സ്… നിങ്ങളുടെ സുഹൃത്ത് ” തന്റെ വെള്ള ഹെൽമെറ്റ് ഊരിമാറ്റിക്കൊണ്ട് അയാൾ പറഞ്ഞു. “നിങ്ങളെന്താ വല്ല ബഹിരാകാശത്തൂന്നുമാണോ ഈ ഇറങ്ങി വരുന്നത്?” അത്ഭുതം വിട്ടുമാറാതെ അന്ന ചോദിച്ചു. ” സത്യം പറഞ്ഞാൽ, അതേ…! ” എന്നയാൾ, യൂറി ഗഗാറിൻ എന്ന ലോകത്തിലെ ആദ്യത്തെ ശൂന്യഗഗനചാരി. 

ഭൂമിയുടെ ഗുരുത്വാകർഷണം ഭേദിച്ചുകൊണ്ട് വിശാലസുന്ദരമായ ശൂന്യാകാശത്തേക്ക് പറന്നുയർന്ന ആദ്യത്തെ ബഹിരാകാശസഞ്ചാരിയായ യൂറി ഗഗറിന്റെ ജന്മ ദിനമാണ് ഇന്ന്. മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരമായ ഒരു കുതിപ്പായിരുന്നു. എന്നാൽ, അത്രയെളുപ്പമായിരുന്നില്ല അയാൾക്ക് ആ പറക്കൽ. യൂറി ഗഗാറിന്റെ ജീവിതത്തിലെ അനുഭവങ്ങൾ ഏതൊരാൾക്കും പ്രചോദനമേകുന്ന ഒന്നാണ്. 
1934 മാര്‍ച്ച് ഒന്‍പതിനാണ് അദ്ദേഹം ജനിച്ചത്.

ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്ന ബഹിരാകാശ ശാസ്ത്ര രംഗത്തെ മനുഷ്യന്‍റെ ആദ്യ കാല്‍വയ്പ്പ് ആയിരുന്നു സോവിയറ്റ് യൂണിയന്‍റെ 1961 ലെ യൂറി ഗഗാറിന്‍റെ ബഹിരാകാശ യാത്ര.

ഗഗാറിന്‍ സോവിയറ്റ് യൂണിയനിലെ ഗഗ്സ്തദിനടുത്ത് ഒരു ഗ്രാമത്തിലാണ് ജനിച്ചത്
ഗഗാറിന്റെ അച്ഛനും അമ്മയും തൊഴിലെടുത്തിരുന്നത് ഒരു കളക്ടീവ് ഫാമിൽ ആയിരുന്നു. അച്ഛന് ആശാരിപ്പണിയായിരുന്നു അവിടെ, അമ്മയ്ക്ക് പശുത്തൊഴുത്തിലായിരുന്നു ജോലി. മൂത്ത സഹോദരൻ വാലന്റീൻ, ചേച്ചി സോയ, മൂന്നാമൻ യൂറി, ഏറ്റവും ഇളയവൻ ബോറിസ് എന്നിങ്ങനെ നാലുമക്കളായിരുന്നു അവർ. ചെറുപ്പത്തിൽ കാലിത്തൊഴുത്തിൽ അമ്മയെയും സഹായിച്ചുകൊണ്ട് വളർന്നുവന്ന ഗഗാറിന്, നാസികളുടെ അധിനിവേശത്തിൽ തന്റെ കുടുംബം നാനാവിധമാകുന്നത് കാണേണ്ടിവന്നു. 1941 -ൽ നാസികൾ മോസ്‌കോ കയ്യേറിയ സമയത്ത് ഗഗാറിന്റെ വീട് ഒരു ജർമ്മൻ ഓഫീസർക്ക് താമസിക്കാൻ വേണ്ടി വിട്ടുകൊടുക്കേണ്ടി വന്നു. പുരയിടത്തിനു പിന്നിലായി ഒരു മൺവീടുണ്ടാക്കി അതിലായിരുന്നു പിന്നീടുള്ള രണ്ടു വർഷക്കാലത്തോളം ഗഗാറിൻ കുടുംബം പാർത്തത്. 1943 -ൽ ഗഗാറിന്റെ മൂത്ത സഹോദരങ്ങൾ രണ്ടിനെയും നാസികൾ കുടുംബത്തിൽ നിന്ന് വേർപെടുത്തി പോളണ്ടിലേക്ക് അടിമപ്പണിക്ക് പറഞ്ഞുവിട്ടു. 1945 -ൽ യുദ്ധം തീർന്നതോടെ സാമാന്യസ്ഥിതി പുനഃസ്ഥാപിക്കപ്പെട്ടു, ഭാഗ്യവശാൽ. 1946 -ലാണ് ഇന്ന് ഗഗാറിൻ എന്നറിയപ്പെടുന്ന അന്നത്തെ സാട്ട്സ്ക്ക് എന്ന പ്രദേശത്തേക്ക് യൂറിയുടെ കുടുംബം കുടിയേറിപ്പാർക്കുന്നത്. 

1950 -ൽ തന്റെ പതിനാറാമത്തെ വയസ്സിൽ സാട്ട്സ്ക്കിലെ ഒരു സ്റ്റീൽ പ്ലാന്റിലുള്ള ഒരു ഫോൺട്രിമാന്റെ അപ്രന്റീസായി തൊഴിലെടുത്തു തുടങ്ങി യൂറി. ഒപ്പം യുവാക്കളായ തൊഴിലാളികൾക്കുള്ള സെവൻത് ഗ്രേഡ് ഈവനിംഗ് സ്‌കൂളിൽ പഠിക്കാനും ചേർന്നു. അവിടെ നിന്ന് സെവൻത് ഗ്രേഡിലും വൊക്കേഷണൽ ട്രെയിനിങ്ങിലും നല്ല മാർക്കോടെ കോഴ്സ് പാസായി അയാൾ. മഡ്‌ മേക്കിങ്ങിലും ഫോൺട്രിയിലും ഓണേഴ്‌സുണ്ടായിരുന്നു യൂറിക്ക്. അവിടെ നിന്ന് കാമ്പസ് സെലക്ഷൻ കിട്ടി അയാൾ എത്തിപ്പെടുന്നത് സറാറ്റോവ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സ്‌കൂളിലാണ്. അവിടെ ട്രാക്ടറുകളിൽ പരിശീലനം നേടി. അവിടത്തെ പഠനകാലത്താണ് യൂറി ഒരു ലോക്കൽ ഫ്ലയിങ് ക്ലബ്ബിൽ വാരാന്ത്യങ്ങളിൽ സോവിയറ്റ് എയർ കേഡറ്റായി ട്രെയിനിങ് നേടിയത്. ആദ്യം ഒരു ബൈപ്ലെയിനും പിന്നീട് യാക് 18 വിമാനവും പറത്താൻ യൂറി പഠിച്ചു. ഈ പാർട്ടി ടൈം പഠിത്തത്തിനുള്ള പണം കണ്ടെത്താൻ  അയാൾ ട്രെയിനിങ് സ്കൂളിലെ പഠിത്തത്തിനു ശേഷം വോൾഗ നദിക്കരയിലെ തുറമുഖത്ത് ചുമട്ടു തൊഴിലാളിയായും ജോലി ചെയ്തു. 

1955 -ൽ തന്റെ സ്ഥിരോത്സാഹത്തോടുള്ള പഠനത്തിന്റെ ആദ്യ പ്രതിഫലം ഗഗാറിനെത്തേടിയെത്തി. ഓറംബർഗിലുള്ള ഫസ്റ്റ് ഷ്കാലോവ്‌സ്‌ക്കി ഹയർ എയർഫോഴ്സ് പൈലറ്റ് സ്‌കൂളിൽ യൂറിക്ക് പ്രവേശനം കിട്ടി. 1956 -ൽ മിഗ് 15 പോർവിമാനത്തിൽ പയറ്റിത്തെളിഞ്ഞ് ഗഗാറിൻ അവിടെനിന്ന് പരിശീലനം പൂർത്തിയാക്കിയിറങ്ങി. ആദ്യമൊക്കെ ലാൻഡിങ്ങിൽ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു ഗഗാറിൻ. ലൈസൻസ് കിട്ടാതെ കോഴ്സ് പാതിവഴി ഉപേക്ഷിക്കേണ്ടി വന്നിരുന്നേനെ, കൃതഹസ്തനായ പരിശീലകൻ ഗഗാറിന്റെ പ്രശ്നം തിരിച്ചറിഞ്ഞ് യഥാസമയം സഹായിച്ചിരുന്നില്ല എങ്കിൽ. സീറ്റിലെ ഇരുപ്പ് അത്രയ്ക്ക് സുഖകരമല്ലാത്തതായിരുന്നു ഗഗാറിന്റെ പ്രശ്നം. കോക്ക് പിറ്റിൽ നിന്നുള്ള കാഴ്ച മോശമായിരുന്നു. പരിശീലകൻ സീറ്റിനുമുകളിൽ ഒരു കുഷ്യൻ വെക്കാൻ ഗഗാറിനെ അനുവദിച്ചു. അതോടെ വ്യൂ മെച്ചപ്പെട്ടു. ഗഗാറിൻ വിജയകരമായി ലാൻഡിങ്ങും, കോഴ്‌സും പൂർത്തിയാക്കുകയും ചെയ്തു. 1957 തൊട്ട് അദ്ദേഹം സോളോ ആയി പറക്കാൻ തുടങ്ങി. 

1957 നവംബർ 5 -ന് ഗഗാറിൻ റഷ്യൻ വ്യോമസേനയിൽ ലെഫ്റ്റനന്റ് ആയി കമ്മീഷൻ ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിന് 166 മണിക്കൂർ 47 മിനുട്ട് നേരത്തെ ‘പറക്കൽ പരിചയം'(Flight Hours) കൈമുതലായി ഉണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ വ്യോമസേനയിലും നൂറു മണിക്കൂറോളം വിമാനം പറത്തിയ ഗഗാറിൻ, 1958 -ൽ സീനിയർ ലെഫ്റ്റനന്റ് ആകുന്നു. അപ്പോഴേക്കും സോവിയറ്റ് വ്യോമസേനയിൽ എണ്ണം പറഞ്ഞ ഫൈറ്റർ പൈലറ്റുമാരിൽ ഒരാളായി യൂറി ഗഗാറിൻ മാറിക്കഴിഞ്ഞിരുന്നു. 

ആയിടെയാണ് 1959 -ൽ ലൂണ 3 വിക്ഷേപിക്കപ്പെടുന്നത്. ചന്ദ്രന്റെ അന്നുവരെ കാണാത്ത വിദൂരസ്ഥമായ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ലൂണ ഒരു വിജയമായതോടെ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ആകെ ഉത്സാഹമായി.  സോവിയറ്റ് സ്‌പേസ് പ്രോഗ്രാമിൽ താത്പര്യം പ്രകടിപ്പിച്ച ഗഗാറിനും പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. വ്യോമസേനയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മിടുക്കന്മാരായ 154 പൈലറ്റുമാരിൽ നിന്നും, സൈനിക ഡോക്ടർമാർ നടത്തിയ വൈദ്യപരിശോധനകളിലൂടെ ഏറ്റവും ശാരീരികക്ഷമതയുള്ള 29 പേർ കോസ്മോണട്ട് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അവരിൽ ഒരാളായി ഗഗാറിനും ഉണ്ടായിരുന്നു. 

അവരിൽ നിന്ന് വീണ്ടും 12 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. അതിലും ഗഗാറിൻ ഇടം നേടി. കടുത്ത പരിശീലനം വീണ്ടും തുടർന്നുപോയി. ഈ പന്ത്രണ്ടു പേർക്ക് പാരച്യൂട്ട് ജംപിങ് പരിശീലനം നൽകപ്പെട്ടു. ഒടുവിൽ അവരിൽ നിന്ന് ആറുപേരെ തെരഞ്ഞെടുക്കേണ്ട ഘട്ടം വന്നപ്പോൾ, പന്ത്രണ്ടു പേരോടും അവനവന്റെ പേരൊഴിച്ച് പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടു. തന്റെ സഹപ്രവർത്തകർക്കിടയിൽ ഏറെ ജനപ്രിയനായിരുന്ന ഗഗാറിന്റെ പേരാണ് ഭൂരിപക്ഷം പേരും നിർദേശിച്ചത്. സോചി സിക്സ് എന്നറിയപ്പെട്ട ആറുപേരെ അങ്ങനെ തെരഞ്ഞെടുത്തു.  ആൻഡ്രിയൻ നിക്കോളായെവ്, പാവൽ പോപ്പോവിച്ച്, അനറ്റോളി കാർട്ടഷോവ്, ജർമ്മൻ റ്റിറ്റോവ്, വാലെന്റിൻ വാർലമോവ് എന്നിവരോടൊപ്പം യൂറി ഗഗാറിനും സോചി സിക്സിന്റെ ഭാഗമായി. അവരിൽ കാർട്ടഷോവിനും വാർലമോവിനും തുടർന്നു നടന്ന കടുത്ത പരിശീലനത്തിനിടെ പരിക്കേറ്റു. ഇവർക്ക് പകരമായി ഗ്രിഗറി നെലുബോവ്‌ സംഘത്തിലെത്തി.

അവരെ ബഹിരാകാശത്ത് നേരിടേണ്ടി വന്നേക്കാവുന്ന ഓക്സിജൻ കുറവ് അടക്കമുള്ള പല വിപരീത സാഹചര്യങ്ങൾക്കും വേണ്ടി ഭൂമിയിൽ വെച്ചുതന്നെ വിധേയരാക്കി. ശാരീരികക്ഷമത വർധിപ്പിക്കാൻ വേണ്ടി പല പരിശീലനങ്ങളും നൽകി. ഒരു സെൻട്രിഫ്യൂജിൽ വെച്ച് ജി ഫോഴ്സിനും ഗഗാറിനെ വിധേയനാക്കി. പരിപൂർണമായ ഐസൊലേഷനിൽ മനസ്സാന്നിധ്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഒരു അനെക്കോയിക്ക് ചേമ്പറിനുള്ളിലും(anechoic chamber ) അദ്ദേഹത്തെ താമസിപ്പിച്ചു. 

ഗഗാറിനെ മെഡിക്കൽ സൈക്കോളജിക്കൽ പരിശോധനകൾക്ക് വിധേയനാക്കിയ  സോവിയറ്റ് എയർഫോഴ്സ് ഡോക്ടർ ഇങ്ങനെ കുറിച്ചു, ” അപാരമായ ബുദ്ധിവളർച്ച സംഭവിച്ചുകഴിഞ്ഞ ഒരു വ്യക്തിയായിരുന്നു യൂറി. അദ്ദേഹത്തിന്റെ ഓർമ്മ അനതിസാധാരണമായിരുന്നു. ചുറ്റുപാടുകളോടുള്ള യൂറിയയുടെ തികഞ്ഞ ശ്രദ്ധ മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഭാവന ഏറെ വികസിതമായിരുന്നു. റിഫ്ളക്സുകൾ വളരെ വേഗത്തിലുള്ളതായിരുന്നു. പരിശീലന പരിപാടികളിൽ അദ്ദേഹത്തിന്റെ നിഷ്ഠ അനുകരണീയമായിരുന്നു. ഗണിതത്തിൽ അദ്ദേഹത്തിന് അപാരമായ പാടവമുണ്ടായിരുന്നു എന്നത് സെലസ്റ്റിയൽ മെക്കാനിക്സിലെ സങ്കീർണ്ണമായ ഫോർമുലകൾ എളുപ്പത്തിൽ ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചിരുന്നു. തികഞ്ഞ ധാരണ അദ്ദേഹത്തിന് എല്ലാ വിഷയങ്ങളിലും ഉണ്ടായിരുന്നു. തന്റെ ഭാഗം കൃത്യമായി വാദിക്കാനും അദ്ദേഹത്തിന് അറിയുമായിരുന്നു”

സോചി സിക്സിനെ വീണ്ടും എഴുത്തുപരീക്ഷകൾക്ക് വിധേയരാക്കി ബഹിരാകാശഗവേഷണ കേന്ദ്രം. ആ പരീക്ഷയിൽ ഒന്നാമതായി വന്ന ഗഗാറിനും, രണ്ടും മൂന്നും സ്ഥാനത്തെത്തിയ ടിറ്റൊവും നെലുബോവും ചേർന്ന് അവസാനത്തെ മൂവർ സംഘവും രൂപീകരിക്കപ്പെട്ടു. അവരെ ട്യൂറാറ്റം പരിശീലനകേന്ദ്രത്തിലേക്ക് അന്തിമതയ്യാറെടുപ്പുകൾക്കായി അയച്ചു. ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത് രണ്ടു പേർ മാത്രമായിരുന്നു. 1961 ഏപ്രിൽ 8 -ന് സ്റ്റേറ്റ് കമ്മീഷൻ മീറ്റിങ്ങിനു ശേഷം നിക്കോളായ് കമാനിൻ എഴുന്നേറ്റുനിന്ന് രണ്ടു പേരുകൾ വായിച്ചു, പ്രൈമറി പൈലറ്റ് ആയി യൂറി ഗഗാറിൻ, ബാക്ക് അപ്പ് ആയി റ്റിറ്റോവ്. ഏറ്റവും ഒടുവിൽ ബഹിരാകാശ യാത്രയ്ക്ക് പുറപ്പെടേണ്ട ആദ്യത്തെ സഞ്ചാരി എന്ന നറുക്കും വീണത് ഗഗാറിനുതന്നെ ആയിരുന്നു.

നികിതാ ക്രൂഷ്ചേവ് എന്ന കമ്യൂണിസ്റ്റു വിപ്ലവകാരി നാടുഭരിച്ചിരുന്ന സോവിയറ്റ് റഷ്യയിലെ ഒരു കൃഷിക്കാരന്റെ മകനായിപ്പിറന്ന് സ്ഥിരോത്സാഹത്തോടെ പഠിച്ചവുവളർന്ന ഗഗാറിൻ ഒരു കോസ്മോണട്ട് ട്രെയിനി ആയപ്പോൾ തന്റെ പ്രോലിറ്റേറിയറ്റ് പശ്ചാത്തലം അയാൾക്ക് ഗുണം ചെയ്തു. തങ്ങളുടെ കമ്യൂണിസ്റ്റ് ഭരണകാലത്ത് ഒരു കർഷകന്റെ മകന് പോലും ബഹിരാകാശത്തേക്ക് വരെ എത്തിപ്പെടാനുള്ള സാഹചര്യം സോവിയറ്റ് റഷ്യയിലുണ്ട് എന്ന് സ്ഥാപിക്കാൻ ഗഗാറിന് നൽകിയ അവസരത്തിലൂടെ ക്രൂഷ്‌ചേവിന് സാധിച്ചു. 

അങ്ങനെ ഒടുവിൽ ആ ചരിത്ര മുഹൂർത്തം വന്നെത്തി. 1962 ഏപ്രിൽ 12 -ന് ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വോസ്‌റ്റോക് 1 എന്ന ബഹിരാകാശ പേടകത്തിൽ യൂറി ഗഗാറിൻ മനുഷ്യന്റെ ആദ്യത്തെ ബഹിരാകാശയാത്രയ്ക്കായി പറന്നുയർന്നു. കൺട്രോൾ കൺസോളിൽ നിന്ന് ആ സ്‌പേസ് പ്രോഗ്രാമിന്റെ ശില്പിയായിരുന്ന സെർജി കൊറോലെവിന്റെ ശബ്ദം ഉയർന്നു കേട്ടു,”പ്രിലിമിനറി സ്റ്റേജ്, ഇന്റർമീഡിയേറ്റ്, മെയിൻ, ലിഫ്റ്റ് ഓഫ്..! വീ വിഷ് യു എ ഗുഡ് ഫ്ലൈറ്റ്. എവരിതിങ് ഈസ് ഓൾറൈറ്റ്.” മറുപടിയായി ഗഗാറിന്റെ ഒച്ചയും,”ഓഫ് വി ഗോ..! ഗുഡ് ബൈ അൺടിൽ വീ മീറ്റ് സൂൺ ഫ്രെണ്ട്സ്” 

108 മിനിറ്റുനേരം ബഹിരാകാശത്ത് ചെലവിട്ട ശേഷം, തിരികെ കസാക്കിസ്ഥാനിലേക്ക് തിരിച്ചുവന്നിറങ്ങി ആ പേടകം. അന്ന് വോസ്‌റ്റോക്കിന് വേണ്ട ബ്രേക്കിംഗ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ റഷ്യൻ ബഹിരാകാശ ഗവേഷകർക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുപതിനായിരം അടി മുകളിൽ വെച്ച് പേടകത്തിൽ നിന്ന് സ്വയം ഇജക്റ്റ് ചെയ്ത്, പാരാലാൻഡ് ചെയ്യുകയായിരുന്നു ഗഗാറിൻ തുടക്കത്തിൽ പറഞ്ഞ ഉരുളക്കിഴങ്ങു പാടത്തിന്റെ നടുവിലേക്ക്. 

അതെ, യൂറി ഗഗാറിൻ നടന്നുതീർത്തത് ഒരു സാധാരണ മനുഷ്യന് അവന്റെ ജീവിതത്തിൽ ഏറെക്കുറെ അസാധ്യം എന്നുതന്നെ തോന്നിക്കാവുന്ന ദൂരങ്ങളാണ്. തന്റെ ചരിത്രത്തിൽ ഇടം നേടിയ തന്റെ ബഹിരാകാശയാത്രയ്ക്ക് ശേഷം റഷ്യയുടെ ദേശീയ ഹീറോ ആയി ഗഗാറിൻ മാറി. ലെനിൻ ക്രോസും, ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയനും ഒക്കെ അദ്ദേഹത്തെ തേടിയെത്തി. ആകാശയാനങ്ങളെ എന്നും പ്രണയിച്ചിരുന്ന യൂറി ഗഗാറിന്റെ അന്ത്യവും 1968 -ൽ ഒരു ഫൈറ്റർ ജെറ്റിന്റെ പരീക്ഷണപ്പറക്കലിനിടെ നടന്ന എയർ ക്രാഷിൽ ആകാശത്തുവെച്ചു തന്നെ ആയിരുന്നു….