കോവിഡ് ബോധവത്കരണ പ്രീ കോളര്‍ ട്യൂണ്‍ ഔഡിയോയില്‍ നിന്ന് കോവിഡ് ബാധിച്ച നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ബച്ചനും കുടുബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പറയാന്‍ നടൻ യോഗ്യനല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഡല്‍ഹി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
അമിതാഭ് ബച്ചന്റെ പശ്ചാത്തലം സുതാര്യമല്ലെന്നും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. പല കോടതികളിലും അതിന്റെ നടപടികളില്‍ പുരോഗമിക്കുകയാണ്. കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രധിരോധ മാര്‍ഗങ്ങളെ കുറിച്ച് വിശദീകരിക്കുന്നതാണ് പ്രീ കോളര്‍ ട്യൂണ്‍. എന്നാല്‍ അതില്‍ ശബ്ദം നല്‍കിയ അമിതാഭ് ബച്ചന് കോവിഡില്‍ നിന്ന് സ്വയം രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
സര്‍ക്കാര്‍ ബച്ചന് ഇത്തരം പരസ്യങ്ങൾക്കായി പണം നല്‍കുന്നുണ്ട്. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നിരവധിയാളുകള്‍ ഇത്തരം ബോധവത്കരണത്തിനായി സൗജന്യ സേവനത്തിന് തയാറാണ്. ഈ സാഹചര്യത്തില്‍ പ്രതിഫലം നല്‍കിയുള്ള ശബ്ദം ആവശ്യമില്ലെന്നും ഹർജിയില്‍ ആരോപിക്കുന്നു.
രാജ്യ സേവനത്തിലും, സാമൂഹ്യ സേവനത്തിലും നല്ലൊരു ചരിത്രം അമിതാഭ് ബച്ചനില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. പരാതിക്കാരന്റെ അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതില്‍ വാദം ജനുവരി 18ലേക്ക് മാറ്റി വച്ചിരിക്കുകയാണ്.