ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ എക്കാലത്തേക്കുമായി പ്രതിഷ്ഠിക്കപ്പെട്ട നേതാവ് തീർച്ചയായും മഹാത്മാ ഗാന്ധി തന്നെയാണ്. അത് കൊണ്ട് തന്നെയാണ് രാഷ്ട്രം അദ്ദേഹത്തെ രാഷ്ട്രപിതാവായി ആദരിക്കുന്നതും സ്നേഹാദരങ്ങളോടെ മഹാത്മജി എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത്. സ്വന്തം ജീവിതം വരും തലമുറകൾക്കുള്ള സന്ദേശമാക്കി മാറ്റിയെടുത്ത മഹാത്മജിക്ക് ഇന്ത്യൻ ജനതയുടെ മനസ്സിലുള്ള സ്വാധീനം അളവുകൾക്കപ്പുറത്താണ്. വിനയവും ലാളിത്യവും സത്യസന്ധതയും സഹജീവികളോടുള്ള കരുണയും കരുതലും തന്നെയായിരുന്നു ഗാന്ധിജിയെ മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കി നിർത്തിയിരുന്നത്.
മഹാത്മജിയുടെ ജീവിതത്തിനെ പല ഘട്ടങ്ങളിലായി പരിഗണിച്ചാൽ ഏറ്റവും ശ്രദ്ധേയമായ കാലം അദ്ദേഹത്തിൻ്റെ സബർമതി ആശ്രമത്തിലെ ജീവിതകാലം തന്നെയായിരുന്നു. പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങി ചേർന്നുള്ള ഒരു പരീക്ഷണ ജീവിതം തന്നെയായിരുന്നു സബർമതിയിലേത്. സബർമതിയാണ് മഹാത്മജിയെ പ്രകൃതിയുടെ വരദാനത്തിൻ്റെ മഹത്വം പഠിപ്പിച്ചത്.
മഹാത്മജിയുടെ സബർമതി ഓരോ ഇന്ത്യക്കാരൻ്റെയും സബർമതിയായി തീരുകയായിരുന്നു’ ഇന്ത്യൻ ജനത ഒരു തീർത്ഥാടനത്തിൻ്റെ മാനസിക അവസ്ഥയു മായാണ് സബർമതി സന്ദർശിക്കുന്നത്. എന്നാൽ ഗാന്ധിജിക്ക് ജന്മം നൽകിയ ഗുജറാത്ത് രാഷ്ടീയമായി ഈയ്യിടെയായി നൽകുന്ന സന്ദേശങ്ങൾ മഹത്വപൂർണങ്ങളല്ല, മറിച്ച് ആപൽക്കരവുമാണ് എന്ന് തന്നെയാണ് അനുമാനിക്കേണ്ടത്.
ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്നുള്ള പ്രയോഗത്തെ ശരിവെക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഗുജറാത്തിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഈ ഗതിമാറ്റം വിനാശകരമായി മാറുമ്പോൾ മൗനം ഭൂഷണമാണെന്ന് കരുതാൻ നിർവ്വാഹമില്ല.
വിശുദ്ധിയുടേയും ലാളിത്യത്തിൻ്റെ പരിസ്ഥിതി സൗഹൃദമായ ജീവിതത്തിൻ്റെയും കേന്ദ്രമായ സബർമതിയെ ആധുനികവൽക്കരിച്ച് വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാറിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേന്ദ്രം ഭരിക്കുന്ന ഭരണാധികാരിയുടെ ഇംഗിതമാണ് സബർമതിയിലും പരീക്ഷിക്കപ്പെടുന്നത്. പട്ടേലിൻ്റെ പ്രതിമ നിർമ്മിച്ച, ദില്ലിയിൽ പാർലമെൻ്റ് മന്ദിരത്തിനായി സെൻട്രൽ വിസ്ത പണിതുയർത്തുന്ന അതേ കോൺട്രാക്ടർക്ക് തന്നെ സബർമതിയുടെ പുനർനിർമാണത്തിനുള്ള കരാർ നൽകിയിരിക്കുകയാണ്. മഹാത്മജിയുടെ ലളിത ജീവിതത്തിൻ്റെ പ്രതീകമായ സബർമതി കോൺക്രീറ്റ് സൗധമായി മാറിത്തീരുന്ന വിരോധാഭാസത്തിന് എന്ത് പേര് വിളിക്കണമെന്നറിയില്ല.
ഒരു കാര്യം തീർച്ചയാണ്, ഇത് ആധുനികവൽക്കരണത്തിൻ്റെ ഭാഗമായോ, പുരോഗതി ലക്ഷ്യം വെച്ചോ ഉള്ള ഒരു നിർമ്മാണ പ്രവർത്തനമാണെന്ന് കാണാൻ കഴിയില്ല. വിശ്വസ്തരും വിധേയരുമായ കരാറുകാരുടെ കൊള്ളയിലും ഇന്ത്യൻ ജനതയുടെ മനസ്സിൽ വിശുദ്ധമായി നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ ഒരു പ്രദേശത്തിൻ്റെ നാശത്തിലും മാത്രമേ ഈ നവീകരണ പ്രവർത്തനങ്ങൾ ചെന്നവസാനിക്കുകയുള്ളു. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുകയല്ല ചെയ്യുന്നത്, തെറ്റായ രീതിയിൽ തിരുത്തിയെഴുതപ്പെടുകയാണ് ചെയ്യുന്നത്. വിവേകശാലികളായ ഭരണാധികാരികൾ ചരിത്രത്തോട് നീതി പുലർത്തുകയാണ് ചെയ്യേണ്ടത്.