ഇനിയും വിദ്യാലയങ്ങൾ അടച്ചിടേണ്ടതുണ്ടോ?

0

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ നമ്മുടെ വിദ്യാലയങ്ങൾ ഒന്നര വർഷമായി അടച്ചിട്ടിരിക്കയാണ്. രോഗവ്യാപനം തടയുക എന്ന സദുദ്ദേശ്യം തന്നെയായിരുന്നു ഈ തീരുമാനത്തിന് പിന്നിലെ യുക്തി . അവസരോചിതമായ തീരുമാനമായിട്ട് തന്നെ ഇത് സ്വീകരിക്കപ്പെട്ടു. ബദൽ സംവിധാനം എന്ന നിലയിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ അടച്ചിടൽ തുടരണമോ എന്ന് ആലോചനക്ക് സമയമായിരിക്കുന്നു.

പ്രധാനമായും ഇതിന് ചില കാരണങ്ങളുണ്ട്. ആദ്യമായി ഓൺലൈൻ പഠനം വിദ്യാർത്ഥികളിലുണ്ടാക്കിയ മാനസിക സമർദ്ദം തന്നെ. അതിലും പ്രധാനമായ വിഷയം സാമൂഹ്യമായ പ്രശ്നം തന്നെയാണ്. വിദ്യാലയങ്ങൾ കേവലം പഠനകേന്ദ്രങ്ങളല്ല. അതിലുപരിയായി സാമൂഹ്യ കേന്ദ്രങ്ങൾ തന്നെയാണ്. കുട്ടികളുടെ സാമൂഹ്യ ജീവിതം ആരംഭിക്കുന്നത് വിദ്യാലയങ്ങളിലാണ്. അവരുടെ സ്വഭാവ രുപീകരണവും നടക്കുന്നതും വിദ്യാലയങ്ങളിൽ വെച്ച് തന്നെയാണ്.

അത് കൊണ്ട് തന്നെ വിദ്യാലയങ്ങൾ ഉടൻ തന്നെ തുറന്ന് പ്രവർത്തിക്കേണ്ടതുണ്ട്. കരുതൽ അത്യന്താപേക്ഷിതമാണ്. മറ്റു സംസ്ഥാനങ്ങളിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നമുക്കും ഈ വഴി ആലോചിക്കാവുന്നതാണ്. ആദ്യഘട്ടത്തിൽ ഉയർന്ന ക്ലാസുകളിലെ അദ്ധ്യയനം തുടങ്ങുകയും ഘട്ടം ഘട്ടമായി മുഴുവൻ ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്യാം.

അത് ഒരേ സമയം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സന്തോഷകരമായ തീരുമാനമായി മാറിത്തീരുകയും ചെയ്യും. കുട്ടികൾ അവരുടെ ലോകത്തിൽ തന്നെയാണ് വളരേണ്ടത്, വീടുകളിലെ തടവുകാരായിട്ടല്ല. ഓൺലൈൻ ക്ലാസ്സുകളിലൂടെ ഭാഷയും ഗണിതവും ശാസ്ത്രവുമെല്ലാം പഠിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ഗൂഗിളിലൂടെ സ്വഭാവരൂപീകരണവും സാമൂഹ്യ ജീവിതവും ആർജ്ജിക്കാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. വർത്തമാന കാല യാഥാർത്ഥ്യമായ അണുകുടുംബത്തിൽ നിന്നും വരുന്ന കുഞ്ഞുങ്ങൾക്ക് കളിക്കളം പോലും നഷ്ടമാകുന്നത് ഭാവിയലുണ്ടാക്കാൻ പോകുന്ന സാമൂഹ്യ വിപത്ത് പ്രവചിക്കാൻ പോലും കഴിയില്ല.