റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; മുഖ്യാഥിതിയായി ഈജിപ്ത് പ്രസിഡന്റ്

0

74–മത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക്ക് ദിനപരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അല്‍സിസിയാണ് ഇത്തവണ മുഖ്യാഥിതി. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഇന്ന് വൈകുന്നേരം റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.

സേനയുടെ ധീരതയും രാജ്യത്തിന്റെ വൈവിധ്യവും വ്യക്തമാക്കുന്ന റിപ്പബ്ലിക് പരേഡിന്റെ അവസാനവട്ട തയ്യാറെടുപ്പും കഴിഞ്ഞു. അതീവ സുരക്ഷയിലാണ് പരേഡ് നീങ്ങുന്ന കർത്തവ്യപഥ്. നഗരത്തിലുടനീളം റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അല്‍സിസിയാണ് ഇത്തവണ മുഖ്യാഥിതി എന്നതിനാൽ ഈജപ്ഷ്യൻ സൈന്യത്തിന്റെ 180 പേരങ്ങുന്ന സംഘവും പരേഡിലുണ്ടാകും. ഈജിപ്ത് പ്രസിഡൻ്റ് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 6000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് കർത്തവ്യപഥിലും സമീപത്തുമായി വിന്യസിച്ചിരിക്കുന്നത്. 150 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോ, ബസ് സ്റ്റാൻഡ്, മാളുകൾ അടക്കമുള്ളവയിൽ പരിശോധന ശക്തമാക്കി.