നിങ്ങൾ രാത്രി വൈകി ഉറങ്ങുന്നവരണോ? എങ്കിൽ ശ്രദ്ധിക്കുക! ജോലിസ്ഥലങ്ങളിൽ നിങ്ങൾ ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരും

0

നമ്മളിൽ പലരും രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി ഉണരുന്നവരുമാണ്. ഇത്തരത്തിലുള്ളവർക്ക് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണെന്നാണ് വടക്കൻ ഫിൻലൻഡിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തൽ. രാവിലെ നേരത്തെ ഉണരുന്നവരാണ് രാത്രി വൈകി ഉറങ്ങുന്നവരേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യുന്നതെന്ന് പഠനം. നേരത്തെ ഉണരുന്ന ആളുകൾ അതിരാവിലെ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കും. എന്നാൽ രാത്രി വൈകിയും ജോലി ചെയ്യുന്നവ‍ർക്ക് ക്ഷീണം കൂടുമെന്നാണ് കണ്ടെത്തൽ.

ഒരാളുടെ ഉറക്ക ശീലം ജനിതകമായ മാറ്റങ്ങളാൽ വ്യത്യാസപ്പെടുന്നു. ക്രോനോടൈപ്പ്, ഉറക്ക രീതി, ശരീര താപനില എന്നിവയും ഉറക്കത്തിന്റെ കാര്യത്തിൽ വലിയ പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ഇത് ഹോർമോണുകളെയും സ്വാധീനിക്കും.

1966 ൽ വടക്കൻ ഫിൻ‌ലാൻഡിൽ ജനിച്ച 5881 വ്യക്തികളിലാണ് ഗവേഷകർ പഠനം നടത്തിയത്. അവരുടെ ജോലിയെയും ജീവിതത്തെയും ആരോഗ്യത്തെയും കുറിച്ച് ഗവേഷകർ ചോദിക്കുകയും അവരുടെ ഉറക്ക രീതിയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്താണ് പഠന റിപ്പോ‍ർട്ട് തയ്യാറാക്കിയിരിക്കുന്നത്. പഠനത്തിൽ പങ്കെടുത്തവരെ നാല് വർഷ കാലയളവിൽ നിരീക്ഷിച്ചു.

പുരുഷന്മാരിൽ പത്ത് ശതമാനവും സ്ത്രീകളിൽ 12 ശതമാനവും താമസിച്ച് ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്. അവരിൽ 72 % പേരും പകൽ ജോലി ചെയ്യുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. വൈകി ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരിൽ നാലിലൊന്ന് പേരുടെയും ജോലിസ്ഥലത്തെ പ്രകടനം മോശമാണെന്ന് വിലയിരുത്തി. മോശം തൊഴിൽ ശേഷി കാരണം ഇത്തരക്കാ‍‍ർ വേഗത്തിൽ ‌വിരമിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.

ഉറക്കത്തിന്റെ ദൈർഘ്യം, ജോലി സമയം എന്നിവപോലുള്ള ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ രാത്രി വൈകി ഉറങ്ങുന്നവരുടെ പ്രകടനം നേരത്തെ ഉണരുന്നവരേക്കാൾ ഏറെ കുറവാണ്. ഉറക്കം, കാർഡിയോമെറ്റബോളിക് രോഗങ്ങൾ, പ്രമേഹം, അമിതവണ്ണം, ഹൃദയ രോഗങ്ങൾ എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ക്രിസ്റ്റൻ നട്ട്‌സൺ പറഞ്ഞു.

ഗവേഷണം നടത്തിയ ആളുകൾ ഫിൻ‌ലാൻഡിന്റെ ഒരു പ്രദേശത്തുനിന്നുള്ളതാണെങ്കിലും ജൈവ ക്ലോക്കുകൾ സാർവത്രികമാണെന്നതിനാൽ അമേരിക്കയ്ക്ക് ഈ കണ്ടെത്തലുകൾ ബാധകമാണെന്ന് നട്ട്സൺ പറഞ്ഞു. ക്രോണോടൈപ്പ് വൈജ്ഞാനിക കാര്യങ്ങളെ ബാധിക്കുമെന്നതിന് ധാരാളം തെളിവുകൾ ഉണ്ടെന്നും ഗവേഷകർ പറയുന്നു. അത് ജോലിയെയും ക്ലാസ് മുറിയിലെ പ്രകടനങ്ങളെയും വരെ സ്വാധീനിക്കും.

രാവിലെ 8 മണിക്ക് ഓഫീസിലെത്തേണ്ട വൈകി ഉറങ്ങുന്ന ആളുകൾക്ക് കൂടിപ്പോയാൽ 6 മണിക്കൂർ മാത്രമേ ഉറങ്ങാൻ സാധിക്കൂ. അതേസമയം നേരത്തെ കിടന്ന് നേരത്തെ ഉണരുന്ന ആളുകൾക്ക് കുറഞ്ഞത് 8 മണിക്കൂർ എങ്കിലും ഉറങ്ങാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.