കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാന്‍ വൈറോളജിയിലെ 3 ഗവേഷകര്‍ ചികിത്സ തേടി: റിപ്പോര്‍ട്ട്

1

വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നുഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ വെളിപ്പെടുത്താത്ത യുഎസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എത്ര ഗവേഷകരാണ് അസുഖബാധിതരായത്, അസുഖബാധിതരായ സമയം, ഇവരുടെ ആശുപത്രി സന്ദര്‍ശനം എന്നീ കാര്യങ്ങളെല്ലാം ഈ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് 19 വ്യാപനത്തെ കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നു. രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. വൈറസ് ലാബില്‍നിന്നു തന്നെ പുറത്തുവന്നതാണെന്ന വാദങ്ങള്‍ ബലപ്പെടുത്തുന്ന തരത്തിലാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്.

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുളള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി ലോകാരോഗ്യസംഘടനയുടെ അടുത്ത യോഗം നടക്കാനിരിക്കുന്നതിനിടയിലാണ്പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ്‌ പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും കോവിഡ് 19 മഹാമാരിയുടെ ആദ്യദിവസങ്ങള്‍ സംബന്ധിച്ചും വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും ബൈഡന്‍ ഭരണകൂടത്തിന് നിരവധി ചോദ്യങ്ങളുണ്ടെന്ന് അവര്‍ വ്യക്തമാക്കി. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കോവിഡിന്റെ ഉത്ഭവത്തെ കുറിച്ചുളള വിദഗ്ധരുടെ ഗവേഷണങ്ങളെ ലോകാരോഗ്യസംഘടനയ്ക്കും മറ്റുഅംഗരാജ്യങ്ങള്‍ക്കൊപ്പവും നിന്നുകൊണ്ട് യുഎസ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായും അവർ പറഞ്ഞു.

എന്നാല്‍ വൈറസ് ലാബില്‍നിന്നു പുറത്തവന്നതല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിലയിരുത്തലെന്ന് ഞായറാഴ്ച ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും നല്‍കാന്‍ ചൈന തയാറായിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ അംഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.