പ്രവാസികള്‍ക്ക് തിരിച്ചടി; രണ്ട് തസ്തികകളിൽ കൂടി ഒമാൻ വിസാ വിലക്ക് ഏര്‍പ്പെടുത്തി

0

മസ്‍കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് രണ്ട് തസ്‍തികകളിലേക്ക് കൂടി വ്യാപിപ്പിച്ചു. സെയില്‍സ് റെപ്രസന്റേറ്റീവ് / സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ് എന്നീ തസ്തികകളിലാണ് പ്രവാസികളെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്.

മാനവ വിഭവശേഷിവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി പുറപ്പെടുവിച്ച ഉത്തരവിൽ ആണ് രണ്ട് തസ്തികകളിൽ കൂടി വിസാ വിലക്ക് ഏർപ്പെടുത്തിയത്. വിസാ വിലക്ക് ഏർപ്പെടുത്തിയ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നിലവിലെ വിസാ കാലാവധി കഴിയുന്നത് വരെ ജോലിയിൽ തുടരാം. ശേഷം വിസ പുതുക്കി നൽകുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍ തസ്തികകളും അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകളിലും വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഈ മേഖലകളില്‍ പുതിയ വിസകള്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ ഈ തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസാ കാലാവധി കഴിയുന്നതുവരെ ജോലിയില്‍ തുടരാനാവും. അതിനുശേഷം വിസ പുതുക്കിനല്‍കില്ല. കൂടുതല്‍ മേഖലകളിലേക്ക് വിസാ വിലക്ക് വ്യാപിപ്പിച്ചതോടെ നിരവധി പ്രവാസികള്‍ക്ക് ജോലി അവസാനിപ്പിച്ച് മടങ്ങേണ്ടിവരുമെന്നതാണ് ആശങ്ക.

സ്വദേശിവത്കരണം വ്യാപകമാക്കുന്നതിൻെറ ഭാഗമായാണ് തീരുമാനം. അസി.ജനറൽ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, ഹ്യൂമൻ റിസോഴ്സസ് മാനേജർ, എംപ്ലോയി അഫെയേഴ്സ് മാനേജർ, ട്രെയ്നിങ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, ഫോളോ അപ് മാനേജർ, അസി.മാനേജർ, അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കൽ തസ്തികകളിലാണ് വിലക്ക് ബാധകം.