ലണ്ടൻ: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേറുമ്പോൾ ഇന്ത്യയ്ക്കും ഇത് അഭിമാനമുഹൂർത്തം. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ ഏറ്റവും ഉയർന്ന പദവിയിൽ എത്തുന്നത്. പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്ന് 1960കളിൽ ബ്രിട്ടനിലേക്കും കുടിയേറിയവരാണു ഋഷിയുടെ പൂർവികർ. ബ്രിട്ടനിൽ ജനിച്ച യശ്‌വീർ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷിയുടെ ഭാര്യ.
യോക്‌ഷെറിൽനിന്നുള്ള എംപിയായ ഋഷി ഭഗവത്ഗീതയിൽ തൊട്ടാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പാർലമെന്റേറിയനാണ് അദ്ദേഹം. സമ്മർദം നിറയുന്ന സാഹചര്യങ്ങളിൽ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കർത്തവ്യത്തെക്കുറിച്ച് ഓർമിപ്പിക്കാറുണ്ടെന്നും ഋഷി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയേയും ഇന്ത്യയുടെ പാരമ്പര്യത്തെയും എപ്പോഴും മുറുകെ പിടിക്കുന്നയാളാണ് ഋഷി. തന്റെ പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും കുറിച്ച് കുടുംബം എപ്പോഴും ഓർമിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് ഇന്ത്യയിൽ സന്ദർശനം നടത്താനും അദ്ദേഹം മടിക്കാറില്ല. ഭാര്യ അക്ഷിതയുമായി ബെംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്.
700 മില്യൻ പൗണ്ടിന്റെ ആസ്തി ഋഷിയ്ക്ക് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യോക്‌ഷെയറിലെ ഒരു വലിയ മാളികയ്ക്കു പുറമേ ഋഷിക്കും ഭാര്യയ്ക്കും സെൻട്രൽ ലണ്ടനിലെ കെൻസിങ്ടണിലും വസ്തുവകകളുണ്ട്. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാൻ ഋഷിക്കും ഇഷ്ടമാണ്.