റോബിൻ ബസിനെ വെട്ടാന്‍ പുതിയ തന്ത്രം; കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി

0

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടുന്ന റോബിൻ ബസിനെ വെട്ടാന്‍ പുതിയ തന്ത്രവുമായി കെഎസ്ആർടിസി.

ഞായറാഴ്ച മുതൽ പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.

റോബിന്‍ ബസിന് ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത് 37,500 രൂപ. പിഴയിട്ടെങ്കിലും വരും ദിവസങ്ങളിലും സര്‍വീസ് നടത്തുമെന്നും കോടതി പറയും വരെ സര്‍വീസ് തുടരനാണ് തീരുമാനമെന്നും ബസുടമ ഗീരീഷ് പറഞ്ഞു. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഇന്ത്യയില്‍ എവിടെയും സാധാരണ ബസിനെ പോലെ ആളെ കയറ്റി ഓടാമെന്ന അവകാശവാദവുമായാണ് റോബിന്‍ ബസ് ഉടമ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇയാളുടെ വാദം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി. റോബിന്‍ ബസ് ഉടമ നടത്തുന്നത് നിയമലംഘനമെന്നും നിയമം ആര് ലംഘിച്ചാലും നടപടിയെടുക്കുമെന്ന് മന്ത്രി കാസര്‍കോട്ട് പറഞ്ഞു.