കാവിലെ കൽ വിളക്കിൻറ്റെ നാളത്തിൽ
ധ്യാനം നടത്തുന്ന രാജാവു ഞാനത്രെ
എൻ കോപമേറ്റാൽ നാടു മുടിഞ്ഞെന്നും
എൻപ്രീതി നേടിയാൽ ആപത്തൊഴിഞ്ഞെന്നും
മാണിക്യമെന്നോ മരതകമെന്നോ
പേരുള്ള രത്നങ്ങൾ ശിരസ്സിൽ ചുമക്കുന്നു
ആയില്ല്യമെന്നൊരാ ജന്മനാൾ നക്ഷത്രം
മാലോകർ ചാർത്തി തന്നൊരു ജാതകം
നാഗ ബലികളും നാനാ വിധികളും
നാഗ പ്രീതിക്കായി കളമെഴുത്തും പാട്ടും
ആവോളം സേവിച്ചു വീർപ്പുമുട്ടുമ്പോളും
ആധിയാണാന്തലാണെപ്പോഴും ജീവിതം
ധ്യാനിച്ചു ഞാൻ നേടും സിദ്ധികളെല്ലാം- ജനം
മേടിച്ചു കൂട്ടുന്നു സ്വാർത്ഥ സുഖത്തിനായി
ചോര മണക്കുന്ന കൈകളാണെൻ ചുറ്റും
ചീറി കരഞ്ഞാലും നൽകില്ല കാരുണ്യം
സത്യം മരിച്ചൊരീ ഭൂമിയിൽ എന്തിനു
സർപ്പമായി ജീവിതം ഹോമിച്ചു തള്ളണം
അന്നം തരുന്നൊരാ കൈകളിൽ കൊത്തണം
അന്നംമുടക്കിയെന്നാളു വിളിക്കണം
കാവിൻ പുറത്തേക്കു ജീവിതം മാറ്റണം
പാലൂട്ടും പാപിയെ തന്നെ കടിക്കണം
ആത്മാവു കൈവിട്ട ഭൂമിതൻ നെഞ്ചത്തു
ഉഗ്ര വിഷം ചീറ്റും പാമ്പായ് ഇഴയണം
മനോജ് എ ബി എസ്