മോസ്കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം; 133 പേർ കൊല്ലപ്പെട്ടു, 11 പേർ അറസ്റ്റിൽ

0

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 4 പേർക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ആക്രമണത്തെ രൂക്ഷമായി അപലപിച്ചിട്ടുണ്ട്. ആക്രമണത്തിനു ശേഷം ഭീകരർ യുക്രൈൻ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചതായി പുടിൻ ആരോപിച്ചു. എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുക്രൈൻ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ റഷ്യയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാജ്യത്ത് ദുഃഖം ആചരിക്കും.

ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ അഫ്ഗാൻ ശാഖ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യുഎസ് ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പുടിൻ വീണ്ടും റഷ്യൻ പ്രസിഡന്‍റായി അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് ആക്രമണം. 6000 പേരെ ഉൾക്കൊള്ളാവുന്ന ക്രോക്കസ് സിറ്റി ഹാളിലാണ് ആക്രമണമുണ്ടായത്. ഹാളിലൂടെ നടക്കുന്ന അക്രമി നേരിട്ട് ജനങ്ങളെ വെടിവച്ചു കൊല്ലുന്ന വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

ഭീകരർ സ്ഫോടക വസ്തുക്കൾ എറിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യൻ റോക് ബാൻഡ് പിക്നിക്കിന്‍റെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.