റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിനു കോവിഡ് സ്ഥിരീകരിച്ചു

0

മോസ്കോ ∙ റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിനു കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തി വിഡിയോ ചാറ്റിനിടെയാണ് മിഷുസ്തിൻ ഇക്കാര്യം അറിയിച്ചത്. ‘കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്നു അറിഞ്ഞു.’ – മിഖായിൽ മിഷുസ്തിൻ പറഞ്ഞു. ഐസേലഷനിൽ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവ് ചുമതല വഹിക്കും.

ദിമിത്രി മെദ്‌വെദേവിൻ രാജിവച്ചതിനെ തുടർന്ന് ഈ വർഷമാദ്യമാണ് മിഖായിൽ മിഷുസ്തിൻ റഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. റഷ്യയിൽ ഇതുവരെ 106,498 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,073 പേർ മരിച്ചു. രോഗവ്യാപനത്തെ തുടർന്നു രണ്ടാഴ്ച കൂടി രാജ്യത്തു ലോക്ഡൗൺ നീട്ടിയിരുന്നു.