കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി റഷ്യ, ചിത്രം പുറത്ത്

0

കൊവിഡ് രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായി ഡികോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞര്‍. വൈറസിന്റെ ചിത്രങ്ങളും റഷ്യൻ സ്ഥാപനം പുറത്തുവിട്ടു.സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ആദ്യമായി ഇതു സാധ്യമാക്കിയതെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.

കൊവിഡ് രോഗിയിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ നിന്നായിരുന്നു ജനിതക ഘടന ഡികോ‍ഡ് ചെയ്തത്. റഷ്യ പുറത്തുവിട്ട ഇതിന്റെ ചിത്രങ്ങൾ ലോക ആരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേക്കും കൈമാറിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ജനിതക പഠനം ഇതിന്റെ പരിണാമം, സ്വഭാവം എന്നിവ മനസ്സിലാക്കുന്നതിനു സഹായിക്കുമെന്നു ഗവേഷകർ വ്യക്തമാക്കി.

ഞങ്ങൾക്കിത് പുതിയ കൊറോണ വൈറസാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പരിണാമം എങ്ങനെയെന്നു മനസ്സിലാക്കുക പ്രധാനമാണ്. പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാൻ ഇതു സഹായിക്കുമെന്നും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ദിമിത്രി ലിയോസ്നോവ് പ്രതികരിച്ചു.