റിയാദ്: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാവുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് എസ്. ജയ്ശങ്കര്‍ സൗദി അറേബ്യയിലെത്തുന്നത്. സൗദിയിലെ ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തും.
ഇന്ത്യ – സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനൊടൊപ്പം എസ് ജയ്ശങ്കറും പങ്കെടുക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തെക്കുറിച്ച് വിലയിരുത്തുകയും അതിന്റെ പുരോഗതി ചര്‍ച്ച ചെയ്യുകയും ചെയ്യും. സൗദി അറേബ്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും പ്രതിനിധികളുമായും എസ്. ജയ്ശങ്കര്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.