ഏഴ് ദിവസത്തിനകം വീട് ഒഴിയണം; എസ് രാജേന്ദ്രന് നോട്ടീസ് നല്‍കി റവന്യൂ വകുപ്പ്

0

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് വീട് ഒഴിയാന്‍ നോട്ടീസ് നല്‍കി റവന്യൂ വകുപ്പ്. വീട് പുറമ്പോക്കില്‍ ആണെന്ന് വിശദീകരിച്ചാണ് റവന്യൂ വകുപ്പിന്റെ നോട്ടീസ്. ഏഴു ദിവസത്തിനകം വീട് ഒഴിയണം എന്നാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്റ് പുരയിടത്തിലാണ് രാജേന്ദ്രന്‍ താമസിക്കുന്നത്‌ ദേവികുളം സബ് കളക്ടറുടെ പേരിലാണ് നോട്ടീസ്.

എസ് രാജേന്ദ്രന്‍ വീട് ഒഴിഞ്ഞില്ലെങ്കില്‍ പൊലീസിന്റെ സഹായം തേടുമെന്നും നോട്ടീസിലുണ്ട്. സഹായം ആവശ്യപ്പെട്ട് ഇടുക്കി എസ് പിക്ക് റവന്യൂ വകുപ്പ് കത്ത് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ വീട് ഒഴിയാനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം. നോട്ടീസിനെ നിയമപരമായി നേരിടും. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം വ്യക്തമാണെന്നും എസ് രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കോടതി നിര്‍ദേശപ്രകാരം റീസര്‍വ്വേ ചെയ്ത് കെഎസ്ഇബി ഭൂമി അല്ലെന്ന് ബോധ്യപ്പെട്ടതാണ്. രാഷ്ട്രീയ പിന്‍ബലം ഇല്ലെന്ന് കണ്ടതോടെ സബ് കളക്ടര്‍ നടപടി സ്വീകരിച്ചുവെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. നിലവില്‍ പട്ടയമുള്ള ഭൂമിയാണെന്നും എസ് രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാല്‍ എസ് രാജേന്ദ്രന്‍ മതിയായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.