തിരുവനന്തപുരം∙ ഐപിഎൽ താരലേലത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി മലയാളി താരം എസ്. ശ്രീശാന്ത്. സമൂഹമാധ്യമത്തിൽ ലൈവിലെത്തിയാണ് ശ്രീശാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഐപിഎല്‍ താരലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത സീസണില്‍ ഐപിഎല്ലിലെത്താന്‍ ശ്രമിക്കും. എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാം. വിജയ് ഹസാരേ ട്രോഫിയില്‍ കേരളത്തിന്‍റെ ജയമാണ് ലക്ഷ്യം’എന്നും തോറ്റുകൊടുക്കാൻ തയാറല്ലെന്നും കാത്തിരിക്കുമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ ബെംഗളൂരുവിലേക്കു മത്സരത്തിനായി തിരിക്കും…’ ശ്രീശാന്ത് പറഞ്ഞു
ഇനിയും കഠിനമായി പ്രയത്നിക്കും. മുന്നിൽ മാതൃകയായി ഒട്ടേറെ സൂപ്പർസ്റ്റാറുകളുണ്ട്. ചില കാര്യങ്ങൾ നമ്മുടെ വഴിക്കു വരില്ലെന്നാണ് അവർ പഠിപ്പിച്ചിട്ടുള്ളത്. ശ്വാസമുള്ളിടത്തോളം കാലം തോറ്റുകൊടുക്കില്ല ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കിൽ ഇനിയും അവസരമുണ്ട്. ഒരു സർപ്രൈസ് കോൾ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയ്‌ലിനു ലഭിച്ചതു പോലെ ഒരവസരമാണ് പ്രതീക്ഷിക്കുന്നത് എന്നും ശ്രീശാന്ത് വ്യക്തമാക്കി.
ഇതിനു പിന്നാലെ സമൂഹമാധ്യമത്തിൽ മറ്റൊരു പോസ്റ്റും ശ്രീശാന്തിന്റേതായി വന്നു–‘ചെന്നായ്ക്കൂട്ടത്തിലേക്ക് എന്നെയെറിഞ്ഞോളൂ, ഞാൻ തിരിച്ചു വരും, അവയെത്തന്നെ നയിച്ചുകൊണ്ട്…’ എന്നായിരുന്നു ‘റോക്ക് സ്റ്റാർ’ സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയുള്ള വിഡിയോ പോസ്റ്റ്.
292 പേരാണ് ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 164 ഇന്ത്യക്കാരും 125 വിദേശ താരങ്ങളുമാണുള്ളത്. ജലജ് സക്സേന, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദീൻ, വിഷ്ണു വിനോദ്, എം.നിഥീഷ്, മിഥുൻ സുദേശൻ, റോജിത്ത് ഗണേഷൻ എന്നിവരാണ് പട്ടികയിൽ ഇടം കേരള താരങ്ങൾ. കർണാടകയുടെ മലയാളി താരം കരുൺ നായരും അന്തിമ പട്ടികയിൽ ഇടം പിടിച്ചു. വ്യാഴാഴ്‌ച ഉച്ചക്ക് മൂന്ന് മണിക്ക് ചെന്നൈയിലാണ് ലേലം തുടങ്ങുക.