കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയും പ്രമുഖ നടിയുമായ സബ സഹറിന് വെടിയേറ്റു. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിൽവെച്ചാണ് വെടിയേറ്റത്. കാബൂളിൽ കാറിൽ ജോലിക്ക് പോകുമ്പോൾ അക്രമികൾ കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കും വെടിയേറ്റിട്ടുണ്ടെന്ന് സബയുടെ ഭർത്താവ് എമൽ സാകിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ് സബ. സ്ത്രീകളുടെ അവകാശ പ്രവർത്തക കൂടിയാണ് അവർ. കാബൂളിന്റെ പടിഞ്ഞാറ് സബയുടെ താമസ്ഥലത്തിനു സമീപത്താണ് വെടിവയ്പ്പുണ്ടായത്. ഈ സമയം കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. സബയും ഒരു കുട്ടിയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഡ്രൈവറുമായിരുന്നു കാറിൽ. വെടിവയ്പിൽ കുട്ടിക്കും ഡ്രൈവർക്കും പരിക്കേറ്റില്ല.
സബ വീട്ടിൽ നിന്ന് ഇറങ്ങി അഞ്ച് മിനിറ്റിനുശേഷം വെടിയൊച്ച കേട്ടതായി സാകി പറഞ്ഞു. സബയെ വിളിച്ചപ്പോൾ വയറ്റിൽ വെടിയേറ്റതായി അറിയിച്ചു. ഉടൻ തന്നെ താൻ സംഭവസ്ഥലത്തെത്തി. എല്ലാവർക്കും പരിക്കേറ്റതായി മനസിലായി. പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു- സാകി കൂട്ടിച്ചേർത്തു.