കോഴിക്കോട്: ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം.നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്. തിരുവനന്തപുരത്ത് ട്രയിനില്‍ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനി പാത്തുമ്മയാണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സമയത്ത് ആംബുലന്‍സ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തു.
കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വഴി തടയുന്നു. റോഡുകളില്‍ ടയര്‍ കത്തിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുന്നു. കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍റെയും കാറിന്‍റെയും ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. സി.ഐയുടെ വാഹനത്തിന് നേരെയും കല്ലെറിഞ്ഞു. പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസിനും ഡി.വൈ.എഫ്.ഐ ഓഫീസിനും നേരെ കല്ലേറുണ്ടായി. പതിഷേധവും ഹര്‍ത്താല്‍ ആചരണവും സമാധാനപരമായിരിക്കണമെന്നു ബി.ജെ.പി. സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ കര്‍ശനനടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുകയോ അക്രമത്തിന് മുതിരുകയോ ചെയ്യുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.