‘ആപ്പിളി’ന്റെ നേതൃസ്ഥാനത്ത് ഇന്ത്യക്കാരൻ…!

0

ഇന്ത്യയ്ക്ക് അഭിമാനമായി അമേരിക്കൻ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ആപ്പിളിന്റെ നേതൃസ്ഥാനത്തേക്കെത്തി ഇന്ത്യക്കാരൻ. ഇന്ത്യയിൽ ജനിച്ച സാബിഹ് ഖാനാണ് ആപ്പിളിന്റെ ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഉത്തർ പ്രദേശിലെ രാംപൂരിലാണ് ഈ അഭിമാനതാരം പിറന്നുവീണത്.

1995ലാണ് സാബിഹ് ആദ്യമായി ആപ്പിളിന്റെ ഭാഗമാകുന്നത്. പിനീടങ്ങോട്ട് കഠിനാധ്വാനം കൊണ്ടും പരിചയസമ്പത്തുകൊണ്ടും ആപ്പിളിന്റെ ഓരോ വളർച്ചയിലും ഇദ്ദേഹം കൂടെയുണ്ടായിരുന്നു. ആപ്പിളിൽ ഒട്ടനവധി ഉന്നത പദവികൾ വഹിച്ചിട്ടുള്ളയാളാണ് സാബിഹ് ഖാൻ. മാത്രമല്ല 1990കളുടെ അവസാനം മുതൽ ആപ്പിളിന്റെ പ്രധാന ഉത്‌പന്നങ്ങളെല്ലാം നിർമ്മിച്ച് അത് വിപണിയിൽ എത്തിക്കാനും, ആപ്പിൾ സ്റ്റോറുകളിലൂടെ ഉപഭോക്താക്കൾക്കിടയിൽ വിതരണം ചെയ്യാനും മുൻപിൽ നിന്നത് സാബിഹാണ്. ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ(സി.ഒ.ഒ) ജെഫ് വില്യംസിനോടാണ് സാബിഹ് റിപ്പോർട്ട് ചെയ്യേണ്ടത്.

തന്റെ ഹൃദയം കൊണ്ടാണ് സാബിഹ് ഓപ്പറേഷൻസ് ടീമിനെ നയിക്കുന്നതെ’ന്നാണ് ആപ്പിൾ കമ്പനി തലവൻ ടിം കുക്ക് സാബീഹിന്റെ സ്ഥാനക്കയറ്റത്തെ കുറിച്ച് പ്രതികരിച്ചത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും സഹപ്രവർത്തകരോട് ബഹുമാനത്തോടെ പെരുമാറികൊണ്ടുമാണ് സാബിഹ് ജോലിചെയ്യുന്നതെന്നും ടിം കുക്ക് കൂട്ടിച്ചേർത്തു.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളയാളാണ് സാദിഹ് ഖാൻ. അമേരിക്കയിലുള്ള റെൻസലാർ പോളിടെക്‌നിക് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുമാണ് സാദിഹ് ബിരുദാനന്തര ബിരുദം നേടുന്നത്.