ഹൊറര്‍ ത്രില്ലറിലൂടെ തമിഴില്‍ സായ് പല്ലവിയുടെ അരങ്ങേറ്റം

0

സായി പല്ലവി നായികയാകുന്ന ഹൊറര്‍ ചിത്രം കരുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണിത്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കിടക്കുന്ന കഥാപാത്രം, പക്ഷിക്കൂടിന് സമാനമായി കൂട് പോലെ രൂപപ്പെട്ട വൃത്തം, ഇതാണ് വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്. മദിരാസിപ്പട്ടണം, കിരീടം, ദൈവത്തിരുമകള്‍, തലൈവാ എന്നീ സിനിമകളിലൂടെ തമിഴില്‍ പേരെടുത്ത സംവിധായകനാണ് എ എല്‍ വിജയ്.

തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലറാണ്. നാഗ ശൗര്യയാണ് നായക കഥാപാത്രം. യെന്തിരന്‍ രണ്ടാം ഭാഗമായ 2.0, വിജയ് ചിത്രം കത്തി എന്നിവ നിര്‍മ്മിച്ച ലൈക്കാ പ്രൊഡക്ഷന്‍സാണ് കരു നിര്‍മ്മിച്ചിരിക്കുന്നത്.

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളത്തില്‍ സൂപ്പര്‍ നായികയായ സായി പല്ലവി പക്ഷെ പ്രേമത്തിനു ശേഷം കലി എന്ന ദുല്‍ക്കര്‍ ചിത്രത്തില്‍ മാത്രമാണ് നായികയായത്. ജോര്‍ജിയയില്‍ നിന്നും മെഡിസിന്‍ പഠനം കഴിഞ്ഞു വന്ന ശേഷം സായി വിക്രമിനൊപ്പവും വിജയ് ചിത്രത്തിലും സൂര്യയുടെ നായികയായുംഒക്കെ തമിഴില്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും നടന്നില്ല. വിക്രം നായകനായ സ്‌കെച്ച് എന്ന ചിത്രത്തില്‍ കരാര്‍ ചെയ്തതിന് ശേഷം സായ് പല്ലവി പിന്‍മാറിയതും വാര്‍ത്തയായിരുന്നു.