കേരളത്തിലേക്കുള്ള സര്‍വീസ് തീയതി പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍, ടിക്കറ്റ് ബുക്കിങ് തുടങ്ങി

0

മസ്‌കറ്റ്: ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളായിരിക്കും ഉണ്ടാകുക.

ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. ഏഴ് കിലോ ഹാന്‍ഡ് ബാഗും 20 കിലോ ചെക്ക് ഇന്‍ ലഗേജും കൊണ്ടുപോകാന്‍ കഴിയും. ഏഴ് റിയാല്‍ അധികം നല്‍കിയാല്‍ ചെക്ക് ഇന്‍ ലഗേജ് 30 കിലോ ആക്കി ഉയര്‍ത്താനും കഴിയും. 66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസ്. പുലര്‍ച്ചെ 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്‌കറ്റിലെത്തും. 115.50 റിയാലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതലാണ് സലാം എയര്‍ ഈ സെക്ടറില്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.