സൽമാൻ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്ററിൽനിന്നു മാറ്റി

0

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ പൊതുചടങ്ങിനിടെ കത്തിക്കുത്തേറ്റ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായും ഡോക്‌ടർമാരോടു സംസാരിച്ചതായും റുഷ്ദിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്‌തു. തീവ്രപരിചരണ വിഭാഗത്തിൽ തുടരും. വെള്ളിയാഴ്‌ച ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്സി സ്വദേശിയായ ഹാദി മതാർ(24) കുത്തിവീഴ്ത്തുകയായിരുന്നു.

അറസ്റ്റിലായ യുവാവ് ഇറാൻ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ ആരാധകനാണെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം, എന്നാൽ, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഹാദി മതാറിനെ വധശ്രമത്തിന് കേസെടുത്തതായി ചൗത്വാക്വ കൗണ്ടി പ്രോസിക്യൂട്ടർ പറഞ്ഞു. വളരെ നീണ്ടുനിൽക്കുന്ന നിയമനടപടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ജേസൺ ഷ്മിത്ത് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ റവല്യൂഷനറി ഗാർഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനാർഥി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അക്രമിയെ വാഴ്ത്തി ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നു. ധീരനും കർത്തവ്യബോധമുള്ള മനുഷ്യനാണ് ഹാദി മതാറെന്നു തീവ്ര യാഥാസ്ഥിതിക ഇറാനിയൻ പത്രമായ കെയ്‌ഹാൻ വാഴ്ത്തി. പരിഷ്‌കരണവാദ ജേര്‍ണലായ എറ്റെമാഡ് ഒഴികെ മറ്റ് ഇറാനിയൻ മാധ്യമങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ‘സേറ്റാനിക് വേഴ്സസ്’ എന്ന റുഷ്ദിയുടെ നോവലിൽ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാൻ 1989 ൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടർന്ന് 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ റുഷ്ദി, സമീപവർഷങ്ങളിലാണു പൊതുജീവിതത്തിലേക്കു തിരിച്ചെത്തിയത്.