കൊച്ചി: മലയാളം മൂന്നാമത് സമയം മൂവി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രൻസും മികച്ച നടിയായി നിമിഷ സജയനും മികച്ച സിനിമയായി ഹോമും മികച്ച സംവിധായകനായി റോജിൻ തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറിയും വായനക്കാരാണ് സമയം മലയാളത്തിന് വേണ്ടി വിധികർത്താക്കളായത്.
നീണ്ട ഒരുമാസത്തെ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് സമയം വായനക്കാർ 2020 – 21 കാലഘട്ടത്തിലെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. തീയേറ്റർ, ഒടിടി റിലീസുകളായെത്തിയ സിനിമകളെയെല്ലാം മത്സരത്തിൽ പരിഗണിച്ചിരുന്നു.
മികച്ച സിനിമയ്ക്കായുള്ള മത്സരത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം ആയിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, അഞ്ചാം പാതിര, അയ്യപ്പനും കോശിയും, കപ്പേള, സൂഫിയും സുജാതയും, വെള്ളം, ജോജി, നായാട്ട് എന്നീ സിനിമകളെ പിന്തള്ളിയാണ് ഹോം മുന്നിലെത്തിയത്.
മികച്ച നടനായ ഇന്ദ്രൻസ് (ഹോം) 68 ശതമാനം വോട്ടുകൾ നേടിയാണ് മുന്നിലെത്തിയത്. ജയസൂര്യയാണ് തൊട്ടുപിന്നിലുള്ളത് (വെള്ളം). ബിജു മേനോൻ, ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, മനോജ് കെ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് നടന്മാർ.
മികച്ച നടിയായി 58 ശതമാനം വോട്ടുകളുമായി നിമിഷ സജയൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) തിരഞ്ഞെടുക്കപ്പെട്ടു. മഞ്ജു വാര്യർ, അനഘ നാരായണൻ, അന്ന ബെൻ, സാനിയ ഇയ്യപ്പൻ, സംയുക്ത മേനോൻ, ഗ്രേസ് ആൻറണി, രജിഷ വിജയൻ, പ്രയാഗ മാർട്ടിൻ എന്നിവരാണ് മാറ്റുരച്ച മറ്റ് നടിമാർ.