റിയാദ്: വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതമാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം ചർച്ച തുടങ്ങി. തൊഴിൽ മാറുന്നതിനു വിദേശ തൊഴിലാളികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതിനെ കുറിച്ച് സ്വകാര്യ മേഖല പ്രതിനിധികളുമായാണ് ചർച്ച നടത്തിയത്.
വിദേശികൾക്ക് തൊഴിൽ മാറ്റത്തിനും റീ എൻട്രിക്കും ഫൈനൽ എക്സിറ്റിനും പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയ്ക്കും സ്വീകാര്യമായ തീരുമാനത്തിലെത്താനാണ് തൊഴില്‍ മന്ത്രാലയം ശ്രമിക്കുന്നത്.
തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലാളികളെയും വിദഗ്ദ്ധരെയും രാജ്യത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ച തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹിയുടെ സാന്നിധ്യത്തിലാണ് നടന്നത്.
കൂടാതെ എല്ലാ പ്രൊഫഷനുകളിൽപ്പെട്ടവർക്കും റീ എൻട്രി സ്വാതന്ത്ര്യം അനുവദിക്കുക, നിശ്ചിത പ്രൊഫഷനുകളിൽപ്പെട്ടവർക്ക് റീ എന്‍ട്രി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക എന്നിവയാണ് റീ എന്‍ട്രിയുമായി ബന്ധപ്പെട്ട് വന്ന നിര്‍ദ്ദേശങ്ങള്‍.
മാത്രമല്ല റീ എൻട്രി വിസയിൽ സ്വദേശത്തേക്കു പോയി തിരിച്ചു വരാത്ത വിദേശികൾക്ക് പുതിയ വിസയിൽ തിരികെയെത്തുന്നതിന് നിലവിലുള്ള വിലക്ക് നീക്കുന്ന കാര്യവും ചര്‍ച്ചചെയ്തിട്ടുണ്ട്.