സൗദി അറേബ്യയിൽ അഴിമതിക്കേസുകളിലെ കൂട്ടനടപടിയിൽ അറസ്റ്റിലായ കോടീശ്വരൻ അൽവലീദ് ബിൻ തലാലിനെ മോചിപ്പിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകളുണ്ടോ എന്നു വ്യക്തമല്ല.
രാജകുമാരന്മാരും മറ്റു പ്രമുഖരും ഉൾപ്പെടെ 201 പേരെ നവംബർ ആദ്യമാണ് അറസ്റ്റ് ചെയ്തു റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലേക്കു മാറ്റിയത്. മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കൾ ഉൾപ്പെടെയുള്ളവരെ, തങ്ങളുടെ സ്വത്തിന്റെ ഒരുഭാഗം ഖജനാവിനു കൈമാറിയതിനെ തുടർന്നു നേരത്തേതന്നെ വിട്ടയച്ചിരുന്നു. കഴിഞ്ഞയാഴ്ച 90 പേരെ മോചിപ്പിച്ചിരുന്നു. നിലവിൽ എത്രപേർ തടവിലുണ്ടെന്നു വ്യക്തമല്ല.
തടവിലാണെങ്കിലും അൽ വലീദ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ മൂന്നു മാസം അത്യാഡംബരത്തോടെ തന്നെയാണു ജീവിച്ചത്. മോചനത്തിനു മണിക്കൂറുകൾക്കു മുൻപ് അഭിമുഖം നൽകിയ അൽവലീദ്, തനിക്കുണ്ടായിരുന്ന സൗകര്യങ്ങൾ കാണാൻ മാധ്യമപ്രവർത്തകർക്ക് അവസരവുമൊരുക്കി. സ്വർണശോഭയുള്ള ഓഫിസ് മുറി, ഇഷ്ടമുള്ള സസ്യാഹാരം നിറച്ച വിശാലമായ അടുക്കള, അലങ്കരിച്ച ഊണുമുറി, വ്യായാമ സ്ഥലം തുടങ്ങി രാജകീയ സൗകര്യങ്ങളെല്ലാം ഉള്ള സ്വീറ്റിലായിരുന്നു ‘തടവ്’. തന്റെ ബാർബർ ഹോട്ടലിൽ എത്തുമായിരുന്നെന്നും വീട് പോലെ സുഖകരമായാണു താമസിച്ചിരുന്നതെന്നും അൽവലീദ് പറയുന്നു.
തന്റെ അറസ്റ്റ് തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നാണ് ബിന്‍ തലാല്‍ പറഞ്ഞത്. പക്ഷേ, കസ്റ്റഡിയില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കാരണം വളരെ ക്ഷീണിതനായാണ് പുറത്തുവന്ന ശേഷമുള്ള ചിത്രങ്ങളില്‍ അദ്ദേഹത്തെ കാണുന്നത്.സൗദിയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍. അഴിമതിയുടെ പേരില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ലോകം ഞെട്ടലോടെയാണ് കേട്ടത്.ബിന്‍ തലാലിന്റെ മോചനത്തിന് കാരണം വ്യക്തമല്ല. സൗദി ഭരണകൂടം അദ്ദേഹത്തോട് 600 കോടി ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക അദ്ദേഹം നല്‍കിയോ എന്ന കാര്യം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.