മകനും സൗദി ഉപകിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരിടാവകാശിയാക്കി സല്‍മാന്‍ രാജാവ്. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ നീക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ആ സ്ഥാനത്തേക്കു കൊണ്ടുവന്നിരിക്കുന്നത്.
അല്‍-ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ സൗദി അറേബ്യയിലെ വേരറുത്ത വ്യക്തിയായിരുന്നു രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന നായിഫ്. കിരീടാവകാശ സ്ഥാനത്ത്‌നിന്ന് മാറ്റപ്പെട്ടതോടെ നായിഫിന് ഭരണത്തിലുള്ള എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ടു.
സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നു 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍. കിരീടാവകാശികളുടെ ഗണത്തില്‍ രണ്ടാമനുമായിരുന്നു സല്‍മാന്‍. എന്നാല്‍, പുതിയ പ്രഖ്യാപനത്തോടെ ചെറുപ്പക്കാരനായ സല്‍മാന്‍ സൗദിയിലെ ഏറ്റവും അധികാരമുള്ള ആളുകളില്‍ ഒരാളായി മാറി. സൗദി അറേബ്യയുടെ ഭരണത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് പുതിയ കിരീടാവകാശിയുടെ പ്രഖ്യാപനം. അധികാരത്തിലെത്തി രണ്ടുവര്‍ഷത്തിനുള്ളിലാണ് സല്‍മാന്‍ രാജാവ് മകനെ കിരീടാവകാശിയായി വാഴിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയതിനു പിന്നാലെ തന്നെ മകന് കൂടുതല്‍ കൂടുതല്‍ അധികാരം നല്‍കിയ രാജാവിന്റെ നടപടി സൗദി രാജകുടുംബത്തെ തന്നെ ഞെട്ടിച്ചിരുന്നു.മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കങ്ങള്‍ അടുത്ത കിരീടത്തിനു വേണ്ടിയുളളതാണെന്ന് നേരത്തെ തന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നു.