ആശങ്കയിൽ പ്രവാസികൾ; കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം

1

റിയാദ്: ഉപജീവനത്തിന് സൗദി അറേബ്യയെ ആശ്രയിക്കുന്ന വിദേശികള്‍ക്ക് ആശങ്കയേറ്റി കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. സൗദിവല്‍ക്കരണ-വനിതാ ശാക്തീകരണ കാര്യങ്ങള്‍ക്കുള്ള മാനവവിഭവശേഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മീഡിയ, കണ്‍സള്‍ട്ടന്‍സി, വിനോദം അടക്കമുള്ള മേഖലകളിലാണ് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുക.

സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ മുഴുവന്‍ സാമ്പത്തിക സൂചനകളും പ്രതീക്ഷ നല്‍കുന്നതാണ്. വിഷന്‍ 2030 പദ്ധതി ഫലങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. സ്വദേശി വനിതകളുടെ തൊഴില്‍ പങ്കാളിത്തം 34 ശതമാനത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വിഷന്‍ 2030 പദ്ധതി ലക്ഷ്യം ഇതിനകം മറികടന്നു. ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം 21.5 ശതമാനത്തില്‍ നിന്ന് 23.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷം നിരവധി സൗദിവല്‍ക്കരണ തീരുമാനങ്ങളിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റോഡ് മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച നിതാഖാത്തും ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ധിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു.