വിവിപാറ്റ് മെഷീനുകളിൽ വ്യക്തത വേണം; ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണമെന്ന് സുപ്രീം കോടതി

0

ന്യൂഡൽഹി: വിവിപാറ്റ് മെഷീനുകളുടെ പ്രർത്തനത്തിൽ വ്യക്തത വരുത്താനായി തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥരോട് ഉച്ചക്ക് രണ്ടു മണിക്ക് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസുാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശിച്ചിരിക്കുന്നത്.

മൈക്രൊ കൺട്രോളർ കൺട്രോളിങ് യൂണിറ്റ് വിവിപാറ്റിലാണോ ഉള്ളത്, ഒറ്റത്തവണയാണോ പ്രോഗ്രാമിങ്, ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യന്ത്രങ്ങൾ എത്ര, വോട്ടിങ് മെഷീനൊപ്പം വിവിപാറ്റ് സീൽ ചെയ്യുന്നുണ്ടോ, ഇവിഎമ്മിലെ ഡേറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ എന്നീ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്. ഇവിഎം സോഴ്സ് കോഡ് വെളിപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 24 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകൾ വാങ്ങാനായി 5000 കോടി രൂപയോളമാണ് സർക്കാർ ചെലവഴിച്ചത്.

നിലവിൽ 7 സെക്കൻഡ് സമയം മാത്രമാണ് വിവിപാറ്റ് രസീറ്റ് വോട്ടർക്ക് കാണാൻ സാധിക്കുക. ഇവിഎമ്മിൽ വോട്ടു രേഖപ്പെടുത്തിയ ഉടൻ മെഷീന് ഉള്ളിൽ പ്രത്യക്ഷപ്പെടുന്ന സ്ലിപ്പ് ചില്ലിലൂടെ നോക്കി മാത്രമേ വോട്ടർക്ക് സ്ഥിരീകരിക്കാൻ സാധിക്കൂ.അതിനു ശേഷം സ്ലിപ്പ് താഴെ പെട്ടിയിലേക്ക് വീഴും.