ന്യൂഡൽഹി: ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ദീർഘകാല ഷെങ്കൻ വിസ കിട്ടുന്നതിനുള്ള മാനദണ്ഡങ്ങൾ യൂറോപ്യൻ യൂണിയൻ ലഘൂകരിച്ചു. യുഎസിലേക്ക് 10 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ കിട്ടുന്നതിലും ബുദ്ധിമുട്ടായിരുന്നു ഇതുവരെ അഞ്ച് വർഷത്തേക്കുള്ള ഷെങ്കൻ വിസ കിട്ടാൻ.
വ്യവസായ ആവശ്യങ്ങൾക്കും ബന്ധുക്കളെ സന്ദർശിക്കുന്നതിനും മറ്റും യൂറോപ്പിലെ ഷെങ്കൻ മേഖലയിലേക്ക് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നവർ പല അപേക്ഷാ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും വിപുലമായ പേപ്പർ വർക്കുകയും ചെയ്യുകയും ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പരിഷ്കരണത്തിലൂടെ നടപടിക്രമങ്ങൾ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്കാർക്കായി വിസ കാസ്കേഡ് സ്കീമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം മൂന്നു വർഷത്തിനിടെ രണ്ടു വട്ടം ഹ്രസ്വകാല വിസിറ്റ് വിസ നേടുകയും നിയമപരമായിത്തന്നെ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യക്കാർ ഇനി രണ്ടു വർഷത്തേക്കുള്ള മൾട്ടി എൻട്രി ലോങ് ടേം വിസയ്ക്ക് അർഹരായിരിക്കും. രണ്ടു വർഷം വിസ ലഭിച്ചവർക്ക് പാസ്‌പോർട്ടിനു മതിയായ സമയത്തേക്ക് സാധുതയുണ്ടെങ്കിൽ അഞ്ച് വർഷത്തേക്കും വിസ അനുവദിക്കും. വിസ-രഹിത യാത്രയ്ക്കു തുല്യമായ സ്വാതന്ത്ര്യത്തോടെ ഈ കാലയളവിൽ ഷെങ്കൻ മേഖലയിലുള്ള ഏതു രാജ്യത്തേക്കും ഇന്ത്യക്കാർക്ക് യാത്ര ചെയ്യാം.