ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ ഉപരി പഠനത്തിന് സ്‌കോളർഷിപ്പ്

0

തിരുവനന്തപുരം: ഉന്നത പഠന നിലവാരം പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എൻജിനിയറിങ്, പ്യൂവർസയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ്/ പോസ്റ്റ് ഗ്രാജ്വേറ്റ്/ പി.എച്ച്.ഡി കോഴ്‌സുകൾക്ക് ഉപരിപഠനം നടത്തുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. അർഹരായ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകും.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് തുക. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളൂ. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിങ്ങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രവരി 14. വലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-33. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനവും www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.