കൊറോണ; 323 ഇന്ത്യക്കാരുമായി വുഹാനില്‍നിന്ന് രണ്ടാമത്തെ വിമാനവും ഇന്ത്യയിലെത്തി

0

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും ഇന്ത്യക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡല്‍ഹിയിലെത്തിയത്.

323 ഇന്ത്യക്കാരും ഏഴ് മലേഷ്യന്‍ സ്വദേശികളുമാണ് വിമാനത്തിലുള്ളത്. ഇവരെ പരിശോധനകള്‍ക്ക് ശേഷം ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.

ശനിയാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്.

വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്കഉ ശേഷം ഇന്ന് എത്തുന്നവരെയും ക്യാംപിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാംപിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പൊതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45 പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. 14380പേരാണു രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്.