സെക്രട്ടേറിയറ്റിലെ തീപിടുത്തം; പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി

0

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ തീപ്പിടിത്തമുണ്ടായ ഭാഗത്ത് പരിശോധന തുടങ്ങി.എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്.

തീപ്പിടിത്തതിൽ വിശദമായ തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. സംഭവത്തിൽ അട്ടിമറി സാധ്യതകളുൾപ്പെടെ അന്വേഷണ പരിധിയിൽ വരും. തീപ്പിടത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലാണ് പരിശോധന. തീപിടിത്തം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

ലോക്കൽ പൊലീസിൽ നിന്ന് രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. തീപിടത്തത്തിന്റെ കാരണം, നഷ്ടത്തിന്റെ കണക്ക്, സ്വീകരിക്കണ്ട മുൻകരുതൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് വിഷയത്തിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. തീപ്പിടിത്തത്തിൽ നഷ്ടപ്പെട്ട ഫയലുകൾ ഏതൊക്കെയെന്ന് കണ്ടെത്തേണ്ട ചുമതല അന്വേഷണ സംഘത്തിനാണ്.

അതേസമയം, തീപിടുത്തത്തിൽ ദുരൂഹത ഉയർത്തി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. സ്വർണക്കടത്ത് സംബന്ധിച്ച എൻഐഎ അന്വേഷണ പരിധിയിൽ സെക്രട്ടേറിയറ്റ് തീപിടുത്തവും ഉൾപ്പെടുത്തണമെന്നതാണ് യുഡിഎഫ് നിലപാട്. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 11 ന് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.