കൊച്ചി: ദുബായില്‍ ഒളിവില്‍ കഴിയുന്ന പീഡനകേസ് പ്രതി വിജയ് ബാബുവിനെ പിടികൂടാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുന്നു. ഇതിനായി അന്വേഷണ സംഘം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു.
ഇന്റര്‍പോളിനെ കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി വിജയ് ബാബുവിന്റെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു കുര്യാക്കോസ് പറഞ്ഞു.
ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ കേസിന്റെ തീവ്രതയനുസരിച്ച് വിദേശത്ത് വെച്ച് വേണമെങ്കില്‍ ആ രാജ്യത്തെ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാം.
തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ബിസിനസ് സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട് യാത്രയില്‍ ആയതിനാല്‍ മെയ് 19 വരെ സമയം നീട്ടി നല്‍കണമെന്ന് വിജയ് ബാബു ആവശ്യപ്പെട്ടിരുന്നു.
ഇ-മെയില്‍ വഴിയാണ് വിജയ് ബാബു ഹാജരാകാന്‍ സാവകാശം ചോദിച്ചത്. അതിനിടെ വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെ വിജയ് ബാബുവിനെതിരെ മറ്റൊരു ലൈംഗികാതിക്രമ ആരോപണം കൂടി ഉയര്‍ന്നിട്ടുണ്ട്.