വീരൂ, നിങ്ങള്‍ മരണമാസ്സ് തന്നെ

0

ഈ വീരുവിന്റെ ഒരു കാര്യമേ ! ഉരുളയ്ക്ക് ഉപ്പേരി എന്ന് പറഞ്ഞാല്‍ അത് നമ്മുടെ വീരുവിനെ കണ്ടു പഠിക്കണം .മരണമാസ്സ് അല്ലേ .എതിരാളികള്‍ക്ക് മാത്രമല്ല സ്വന്തം ടീമംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ഉരുളയ്ക്കുപ്പേരിപോലെ മറുപടി നല്‍കുന്നതില്‍ കേമനാണ് വീരേന്ദര്‍ സെവാഗ്. ടീമിലെ തമാശക്കാരന്‍ കൂടിയായ വീരു തന്റെ ബാറ്റിംഗ്പോലെ വെടിക്കെട്ട് മറുപടികള്‍ കൊണ്ട് പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്.
ആവശ്യമില്ലാത്ത ഒരു വിമര്‍ശനം കണ്ടാല്‍, ദാ എത്തും സെവാഗിന്റെ ചുട്ടമറുപടി .പിന്നെ വിമര്‍ശിച്ചവര്‍ മിണ്ടാതെ ഇരുന്നോളും.അതാണ് വീരു മാജിക്‌ .

അടുത്തിടെ വീരുവിന്റെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടിയ ആളാണ്‌ ശോഭ ഡേ .ഇന്ത്യന്‍ താരങ്ങള്‍ റിയോയില്‍ പോയത് സെല്ഫി എടുക്കാന്‍ മാത്രമാണെന്ന് പരിഹസിച്ച ശോഭ ഡേക്ക് വീരു മറുപടി നല്‍കിയത് സാക്ഷിയുടെ
മെഡല്‍ നേട്ടം ചൂണ്ടികാട്ടിയായിരുന്നു .സാക്ഷിയുടെ മെഡല്‍ നേട്ടം കണ്ടല്ലോ, ശോഭ ഡേ ഇപ്പോഴും ഉണ്ടല്ലോ അല്ലേ എന്നായിരുന്നു വീരുവിന്റെ ചോദ്യം.

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗനും കഴിഞ്ഞ ദിവസം കിട്ടി സെവാഗിന്റെ ചുട്ടമറുപടി .120 കോടി ജനങ്ങളുള്ള ഇന്ത്യക്കാര്‍ തോറ്റതിന് ലഭിച്ച രണ്ട് മെഡലുകളുടെ പേരില്‍ എന്തിനിത്ര ആഘോഷിക്കുന്നു എന്ന് ചോദിച്ച
മോര്‍ഗന്‍ സച്ചിനെപ്പോലൊരു താരത്തെ സൃഷ്ടിക്കാനാവുമെങ്കില്‍ ഒളിംപിക്സ് മെഡലും ഇന്ത്യക്ക് നേടാനാവുമെന്നാണ് സെവാഗ് മറുപടി നല്‍കിയത്.സെവാഗിന്റെ വക വയറു നിറച്ചുകിട്ടിയിട്ടും മോര്‍ഗന് മതിയായിട്ടില്ലെന്ന് തോന്നുന്നു. കക്ഷി പുതിയ വെല്ലുവിളിയുമായി ട്വിറ്ററില്‍ ഇറങ്ങിയിട്ടുണ്ട്.ഇന്ത്യ ഒരു ഒളിംപിക്സ് സ്വര്‍ണം നേടുന്നതിന് മുമ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടുമെന്നാണ് മോര്‍ഗന്റെ വെല്ലുവിളി. വെറുതെയങ്ങ് പറഞ്ഞതല്ല. ഇത്തവണ കാര്യമായി തന്നെയാണ് കക്ഷി. കാരണം ഒന്നും രണ്ടും രൂപയ്ക്കൊന്നുമല്ല പത്തു ലക്ഷം രൂപയ്ക്കാണ് വീരുവിനെ മോര്‍ഗന്‍ വെല്ലുവിളിച്ചിരിക്കുന്നത്.ഇതിന് സെവാഗ് നല്‍കിയ മറുപടിയാകട്ടെ അതിനേക്കാള്‍ രസകരവും.ചിലരുടെ സമയം വളരെ മോശമാണ്, അപേക്ഷിച്ചുകൊണ്ടേയിരിക്കും പക്ഷെ മറുപടി കിട്ടില്ല…ഹഹഹ എന്നായിരുന്നു വീരുവിന്റെ മറുപടി.

എന്താ വെല്ലുവിളിയേറ്റെടുക്കുന്നില്ലെ പ്രതിഭാസമേ എന്നും ഇതിന് മറുപടിയായി മോര്‍ഗന്‍ ചോദിച്ചിട്ടുണ്ട്.ചെറിയ സന്തോഷങ്ങള്‍ പോലും ആഘോഷിക്കുന്നവരാണ് ഇന്ത്യക്കാരെന്നും ക്രിക്കറ്റ് കണ്ടുപിടിച്ച നാട്ടുകാരായതുകൊണ്ടാവാം ഇംഗ്ലണ്ടിന് ഇതുവരെ ലോകകപ്പ് നേടാന്‍ കഴിയാത്തതെന്നും എന്നിട്ടും കളിക്കുന്നത് നാണക്കേടല്ലെ എന്നായിരുന്നു ഇതിന് സെവാഗിന്റെ മറുപടി.

തീര്‍ന്നില്ല ഇതാ വീരുവിന്റെ ചില കുറിക്ക്കൊള്ളുന്ന മറുപടികള്‍ .
ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകന്‍ സെവാഗിനോട് ചോദിച്ചു-സച്ചിനും താങ്കളും തമ്മിലുള്ള വ്യത്യാസമെന്താണ് ? സെവാഗിന്റെ മറുപടി ഉടന്‍ വന്നു – ഞങ്ങളുടെ ബാങ്ക് ബാലന്‍സ് തന്നെ.

2006ല്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെവാഗും ദ്രാവിഡും ചേര്‍ന്ന് 410 റണ്‍സടിച്ചു. അതിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ 413 റണ്‍സടിച്ച വിനു മങ്കാദിന്റെ റെക്കോര്‍ഡ് മറികടക്കാനാവാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് അറിയേണ്ടത്. ആ ചോദ്യത്തിന് വീരു നല്‍കിയ മറുപടിയോ ആരാണ് വിനു മങ്കാദെന്ന മറുചോദ്യമായിരുന്നു.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സെവാഗിനോട് ചോദിച്ചു, എങ്ങനെയാണ് താങ്കള്‍ മക്‌ഗ്രാത്തിനെയും ബ്രെറ്റ് ലീയെയുംമെല്ലാം തുടര്‍ച്ചയായി അടിച്ചു പരത്തുന്നത്. അതിന് സെവാഗിന്റെ മറുപടി ബൗളറെയല്ല ഞാനടിക്കുന്നത് അവരെറിയുന്ന പന്താണ് എന്നായിരുന്നു.

2011ലെ ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ സെവാഗിനോട് ചോദിച്ചു. നിങ്ങള്‍ ഇനി ഒരിക്കലും ഇന്ത്യക്കായി കളിക്കില്ലെന്നാണ് തോന്നുന്നത്. അതിന് സെവാഗ് ഒറു മറു ചോദ്യമാണ് ചോദിച്ചത്. അത് ആരുടെ നഷ്ടമാണ് ?. ഇപ്പോള്‍ ആരാധകര്‍ തിരിച്ചറിയുന്നുണ്ടാവണം. അത് ഇന്ത്യയുടെ നഷ്ടമായിരുന്നുവെന്ന്.