ഒടുവിൽ ആ പട്ടിക പുറത്തു വന്നിരിക്കുന്നു

0

ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് സെമി കേഡർ പാർട്ടിയാകാൻ പോകുന്നു എന്ന് പ്രഖ്യാപിച്ച കെ.പി.സി.സി.യുടെ ഭാരവാഹിക പട്ടിക പുറത്തുവന്നിട്ടുള്ളത്. തീർച്ചയായും ഒരു കാര്യം ഉറപ്പാണ്. അസംതൃപ്തരായ ഒട്ടനവധി നേതാക്കൾ ഈ പാർട്ടിയിലുണ്ട്. അസംതൃപ്തിയുള്ളവർ ഉണ്ടാകാമെന്ന് തന്നെയാണ് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഒരു ജംബോ പട്ടിക ഒഴിവാക്കിയുള്ള പട്ടികയാണ് പുറത്തു വന്നിട്ടുള്ളത് എന്ന കാര്യത്തിൽ പാർട്ടിക്ക് സമാധാനം കണ്ടെത്താം.

എന്നാൽ അസംതൃപ്തരുടെ പൊട്ടിത്തെറികൾ ഇന്ന് വന്നില്ലെങ്കിലും നാളെ എന്തായാലും അത് സംഭവിക്കുക തന്നെ ചെയ്യും. ഗ്രൂപ്പില്ലാത്ത പട്ടികയാണ് പുറത്ത് വന്നതെന്നും കഴിവിനും കർമ്മശേഷിക്കുമാണ് പ്രാധാന്യം നൽകിയിട്ടുള്ളതെന്നുമാണ് നേതൃത്വം അവകാശപ്പെടുന്നത്. ഈ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡം എന്താണെന്ന് അണികൾക്ക് ഇനിയും ബോധ്യമായിട്ടില്ല. വനിതകളുടെ പ്രാതിനിധ്യത്തിൻ്റെ കാര്യത്തിലും മതിയായ പരിഗണന ലഭിച്ചിട്ടില്ല എന്ന് തന്നെയാണ് അനുമാനിക്കേണ്ടത്.

പാരമ്പര്യവും പൈതൃകവും ജനാധിപത്യ പ്രക്രിയ നിലനിൽക്കുകയും ചെയ്യുന്നു എന്നവകാശപ്പെടുന്ന ഒരു രാഷ്ടീയ കക്ഷിയിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണോ നടക്കേണ്ടത് എന്ന് ചോദിച്ചാൽ ഉത്തരം നൽകാൻ കഴിയില്ല എന്നത് തന്നെയാണ് ഈ പട്ടിക പ്രസിദ്ധീകരണത്തിലൂടെ കോൺഗ്രസ് ഹൈക്കമാൻ്റ് തെളിയിച്ചിരിക്കുന്നത്. പുതിയ ഈ ടീമുമായി കെ.സുധാകരൻ എന്ന കെ.പി.സി.സി അധ്യക്ഷൻ എങ്ങിനെയാണ് മുന്നോട്ട് പോകുന്നത് എന്ന കാര്യം കാത്തിരുന്നു തന്നെ കാണേണ്ടി വരും.