സെന്റിനൽ ദ്വീപിലെ ഞെട്ടിക്കുന്ന കാഴ്ചകള്‍; പുറംലോകവുമായി ആകെ ദ്വീപ്‌നിവാസികള്‍ ഇടപെട്ടത് ഒരേയൊരു വട്ടം മാത്രം

0

മനുഷ്യന്‍ ചന്ദ്രനിലെ പോയിട്ടും ഇപ്പോഴും സെന്റിനാല്‍ ദ്വീപ്‌ എന്ന നിഗൂഡപ്രദേശത്തു നടക്കുന്നത് എന്താണെന്ന് മനുഷ്യര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിദേശസഞ്ചാരിയെ ദ്വീപ്‌ നിവാസികള്‍ കൊലപ്പെടുത്തിയതോടെയാണ് ഈ ദ്വീപും ഈ ദ്വീപ്‌ നിവാസികളും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്‌. 

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് ആണ് നോർത്ത് സെന്‍റിനൽ. അറുപതിനായിരം വര്‍ഷമായി ഇവര്‍ ഇങ്ങനെയാണ്. പുറംലോകത്തു നിന്നും ആര്‍ക്കും ഇവിടേക്ക് വരാന്‍ സാധിച്ചിട്ടില്ല. വന്നവര്‍ തിരികെ പോയിട്ടുമില്ല. 
കാടിനെയും കടലിനെയും ആശ്രയിച്ചാണ് സെന്റിനെൽ ദ്വീപ് നിവാസികളുടെ ജീവിതം. പുറത്തുനിന്നുള്ള സന്ദർശകരെ ഇവർ അമ്പെയ്ത് പ്രതിരോധിക്കും. പുറത്തുനിന്നുള്ളവർ ദ്വീപിൽ പ്രവേശിക്കരുതെന്ന് ഇന്ത്യൻ നിയമവും വിലക്കുന്നു.

അതേസമയം ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരൻ ജോൺ അലൻ ചൗവിന്റെ മ‍ൃതദേഹം ഒരിക്കലും വീണ്ടെടുക്കാൻ സാധിക്കില്ലെന്നു വിദഗ്ധരുടെ അഭിപ്രായം. 
അസാധാരണമായ ആവാസവ്യവസ്ഥയിലും ജീവിതരീതിയിലും കഴിയുന്ന സെന്റിനലി ഗോത്രക്കാരുടെ ഇടയിലേക്ക് ചൗ അതിക്രമിച്ചു കടക്കുകയായിരുന്നു. ലോകത്തിൽ തന്നെ ഏറ്റവും സംരക്ഷിത വിഭാഗങ്ങളിൽ ഒന്നായ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കണക്കുകളിൽ 150 ആണ് നിലവിൽ ഇവിടുത്തെ ജനസംഖ്യ. എന്നാൽ ചിത്രങ്ങളും മറ്റും ആസ്പദമാക്കിയുള്ള ദേശീയ സെൻസസ് പ്രകാരം പതിന‍ഞ്ചോളം പേർ മാത്രമേ ഇപ്പോള്‍ ഈ ദ്വീപിലുള്ളൂ എന്നും കരുതപ്പെടുന്നു. ഗോത്രവിഭാഗത്തെപ്പറ്റി ഇന്ന് പുറംലോകത്തിനറിയാവുന്ന കാര്യങ്ങളെല്ലാം ചിത്രങ്ങളിലൂടെയോ ബോട്ടുകളിൽ ഒരു നിശ്ചിത അകലത്തിൽ നിന്ന് നോക്കി മനസ്സിലാക്കുകയോ ചെയ്തവയാണ്. നഗ്നരാണ് ഇവർ. സ്ത്രീകൾ നാരുകൾ കൊണ്ടുള്ള ചരടുകൾ അരയിലും തലയിലും കഴുത്തിലും ചുറ്റാറുണ്ട്. പുരുഷന്മാര്‍ മാലകളും തലയിൽകെട്ടുകളും ധരിക്കാറുണ്ട്. ചിലർ മുഖത്ത് ചായം പൂശാറുമുണ്ട്. അമ്പും വില്ലും കുന്തവും ഇവർ സ്ഥിരമായി ഉപയോഗിക്കുന്ന ആയുധങ്ങളാണ്.

1960കളിൽ നരവംശശാസ്ത്രജ്ഞർ ദ്വീപ് ഇടക്കിടെ സന്ദർശിച്ചിരുന്നു. ദ്വീപുവാസികൾക്ക് സമ്മാനങ്ങളും മറ്റും നൽകിയാണ് അവർ സന്ദർശനം സാധ്യമാക്കിയിരുന്നത്. എന്നാൽ പോകെപ്പോകെ ശാസ്ത്രജ്ഞരെയും ഇവർ ദ്വീപിലേക്ക് പ്രവേശിപ്പിക്കാതെയായി. എതിർപ്പിനെത്തുടർന്ന് ശാസ്ത്രജ്ഞരും പിൻവാങ്ങി.

2004ൽ സുനാമിയുണ്ടായപ്പോൾ ദ്വീപിന് മുകളിലൂടെ പറന്ന ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്ടറിനെ ഇവർ അമ്പെയ്ത് വീഴ്ത്താനൊരുങ്ങി. പിന്നാലെ സെന്റിനെൽ ദ്വീപിലേക്ക് സന്ദർശനം പാടില്ലെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുരക്ഷിത ദൂരത്തുനിന്ന് ഇവരുടെ ആരോഗ്യകാര്യങ്ങളും മറ്റും ഉദ്യോഗസ്ഥർ ഇടക്കിടെ നിരക്ഷീച്ചുപോരുന്നുണ്ട്. ഒരു ചെറിയ പനി പോലും ഇവരിൽ എളുപ്പം പടർന്നുപിടിക്കാനും അതുവഴി ഈ ഗോത്രത്തിന് വംശനാശം സംഭവിക്കാനും ഇടയാകുമെന്ന് കരുതപ്പെടുന്നു.