കൊറോണ: ഏപ്രില്‍ ആദ്യ ആഴ്ചയോടെ ടെലിവിഷന്‍ സീരിയല്‍ സംപ്രേഷണം നിലയ്ക്കും

0

കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടെലിവിഷന്‍ സീരിയലുകളുടെ സംപ്രേഷണം ഏപ്രില്‍ ആദ്യവാരം മുതല്‍ നിർത്തിവെക്കും. സീരിയലുകൾക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്‌കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകൾ തീർന്നുവെന്നാണ് സൂചന.

നേരത്തെ മാര്‍ച്ച് 31 വരെ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെറ്റേര്‍ണിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 17 ന് നടന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ വേണ്ട മുന്‍കരുതലോടെ മാര്‍ച്ച് 19 നകം എല്ലാ ടെലിവിഷന്‍ പരിപാടികളുടെയും ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്ന് തീരുമാനിച്ചിരുന്നു.

ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയരക്ടേര്‍സും മാര്‍ച്ച് 19 മുതല്‍ 31 വരെ സിനിമകള്‍, വെബ്‌സീരീസ്, സീരിയലുകള്‍ എന്നിവയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനുപിന്നാലെ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് സീരിയലുകളുടെയും ഷോകളുടെയുമെല്ലാം ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീളാന്‍ ഇടയാക്കും.

ഷൂട്ട് ചെയ്ത എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ ഏപ്രില്‍ ആദ്യ ആഴ്ചയോടെ എല്ലാ സീരിയലുകളുടെയും സംപ്രേഷണം നിലയ്ക്കും. ഈ സമയത്ത് പഴയ എപ്പിസോഡുകള്‍ റീ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനമെന്ന് ചാനല്‍ വക്താക്കള്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്നായിരുന്നു പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അറിയച്ചത്.