സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.കാസർഗോഡ്- 4, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

കാസർഗോഡ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആൾ ചെന്നൈയിൽ നിന്നും വന്നതും മലപ്പുറം ജില്ലയിൽ കുവൈറ്റിൽ നിന്നും വന്നയാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.വയനാട് ജില്ലയിൽ സമ്പർക്കം വഴിയാണ് ഒരാൾക്ക് രോഗം വന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല.

489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 27,986 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 27,545 പേർ വീടുകളിലും 441 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

187 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്മെന്‍റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇന്നലെ വരെ 1307 പേരാണ് വിദേശത്തു നിന്നും വന്നത് അതിൽ 650 പേർ വീട്ടിലും 641 പേർ കൊവിഡ് കെയർ സെന്‍ററിലും 16 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതിൽ 229 പേർ ഗർഭിണികളാണ്.